ശബരിമല സമരം പൂര്‍ണ പരാജയം; നാളെ സമരം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി

Jaihind Webdesk
Friday, January 18, 2019

 

ശബരിമല വിഷയത്തിൽ ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം നാളെ അവസാനിപ്പിക്കും. സമരം പൂർണ പരാജയമായ സാഹചര്യത്തിലാണ് ബി.ജെ.പി സമരത്തിൽ നിന്ന് പിൻവാങ്ങുന്നത്. സമരം പൊളിഞ്ഞതിന് പിന്നിൽ പാർട്ടിയിലെ ചേരിപ്പോരാണെന്നാണ് സൂചന.

ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് കഴിഞ്ഞ ഡിസംബർ മൂന്നിന്നാണ് ബി.ജെ.പി നേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. തുടക്കത്തിൽ സമരത്തിന് പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചങ്കിലും ക്രമണേ സമരം ബി.ജെ.പിക്ക് വേണ്ടാതായി. ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം സമരം വഴിപാടിയായി മാറി. പാർട്ടി സംസഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ എതിർക്കുന്ന ഗ്രൂപ്പുകൾ സമരത്തോട് സഹകരിച്ചില്ല. വി മുരളീധരൻ വിഭാഗവും പൂർണമായും സമരത്തിൽ നിന്നും വിട്ടുനിന്നു. പി.കെ കൃഷ്ണദാസ് വിഭാഗം സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് പൂർണ പിന്തുണ നൽകിയില്ല. ഇതോടെ സമരം എങ്ങിനെയും അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.

ശബരിമല നട അടച്ചതിന് ശേഷം സമരം തുടരുന്നത് പാർട്ടിക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാകുമെന്നാണ് ശ്രീധരൻ പിള്ള വിരുദ്ധരുടെ നിലപാട്. ആർ.എസ്.എസ് പ്രവർത്തകർ ശബരിമല കർമസമിതിയുടെ പ്രക്ഷോഭങ്ങളിൽ സജീവമായതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി നടത്തുന്ന സമരത്തിന്‍റെ നിറം കെട്ടു. സംഘ പരിവാർ നിർദേശിച്ച സമരം അവർ കൈവിട്ടതോടെ ബി.ജെ.പി ഒറ്റപ്പെട്ടു. സംഘ പരിവാറിന്‍റെ നിർദേശപ്രകാരം ആരംഭിച്ച സമരത്തെ അവർ തന്നെ തള്ളിക്കളഞ്ഞതിൽ ബി.ജെ.പി.ക്കുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. ശബരിമല നട അടച്ചതിന് ശേഷം എങ്ങനെ സമരം തുടരുമെന്ന ആശയകുഴപ്പവും പാർട്ടി നേതൃത്വത്തിൽ നിലനിൽക്കുന്നു. സമരം എങ്ങും എത്താതെ അവസാനിപ്പിച്ചാൽ ബി.ജെപി സംസ്ഥാന ഘടകം കൂടുതൽ പ്രതിസന്ധിയിലാകും.