ജമ്മുകശ്മീരിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ ബി.ജെ.പി രംഗത്ത്. ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പിയുടെ ജമ്മുകശ്മീർ ഘടകം 50000 ഇന്ത്യൻ പതാകകൾ കാശ്മീരിൽ വിതരണം ചെയ്യും.
ജമ്മുകാശ്മീരിന് പ്രത്യേക ഭരണഘടനാപദവി നൽകുന്ന 370-ആം ആർട്ടിക്കിൾ റദ്ദാക്കുകയും, കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിനുശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിന ആഘോഷമാണിത്. കശ്മീരിലെ എല്ലാ പഞ്ചായത്തിലും വാർഡുകളിലും ബി ജെപിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പതാക ഉയർത്തുമെന്ന് ബി.ജെ.പിയുടെ ജമ്മുകാശ്മീർ വിഭാഗം പ്രസിഡന്റ് രവീന്ദർ റെയ്ന ആഹ്വാനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും തങ്ങൾ പതാക വിതരണം ചെയ്യുമെന്നും സ്വാതന്ത്ര്യദിനത്തിൽ കാശ്മീരിൽ വലിയ ആഘോഷപരിപാടികളും ബൈക്ക് റാലികളും സങ്കടിപ്പിക്കുമെന്നുറെയ്ന അവകാശപ്പെട്ടു.
പല പ്രദേശങ്ങളിലും ഭാഗികമായി കർഫ്യൂ നിലനിൽക്കുകയാണ്. എന്നാൽ സെക്ഷൻ 144 പിൻവലിച്ചതോടെ ജമ്മുവിൽ സ്കൂളുകളും കോളേജുകളും തുറന്നു. കർഫ്യു ഭാഗികമായി പിൻവലിച്ച ദോദ, കിശ്ത്വാർ ജില്ലകളിലും വെള്ളിയാഴ്ച തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ടുകളുണ്ട്. കത്വ, സാംഭ, ഉദംപൂർ ജില്ലകളിൽ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതായാണ് വിവരം. അതേസമയം, പൂഞ്ച്, രജൗരി, രംഭാൻ ജില്ലകളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്.
ജമ്മുവിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഭരണകൂടം സെക്ഷൻ 144 പിൻവലിച്ചത്. ആഗസ്റ്റ് അഞ്ചിനായിരുന്നു സുരക്ഷ മുൻനിറുത്തി സെക്ഷൻ 144 ജമ്മുവിൽ പ്രഖ്യാപിച്ചത്.