ബി.ജെ.പി കേരളത്തില്‍ ഇത്തവണയും നിലംതൊടില്ല: ശബരിമലയും ഹര്‍ത്താലും ദോഷമായി ഭവിച്ചു; പാര്‍ട്ടിയുടേത് സവര്‍ണ്ണ വിശ്വാസ സംരക്ഷണമെന്ന് ആക്ഷേപം

Jaihind Webdesk
Saturday, December 15, 2018

തിരുവനന്തപുരം: ശബരിമലയില്‍ വിശ്വാസസംരക്ഷണം എന്ന പേരില്‍ സംസ്ഥാന ബി.ജെ.പി നടത്തിയ പ്രക്ഷോഭപരിപാടികളും ഹര്‍ത്താലും ബി.ജെ.പിക്ക് ഗുണത്തേക്കാള്‍ ദോഷമായി ഭവിച്ചുവെന്ന് കേന്ദ്ര പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ട്. ഹൈന്ദവ സമൂഹത്തെ ഒന്നാകെ വിശ്വാസത്തിലെടുക്കാതെ സവര്‍ണ്ണവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന തരത്തിലാണ് സമരപരിപാടികള്‍ ആവിഷ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതോടെ കേരളത്തില്‍ എന്‍.ഡി.എയുടെ ഭാഗമായിരുന്ന എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, ആദിവാസി വിഭാഗങ്ങള്‍ മുന്നണിയില്‍ നിന്നും അകന്നു. ഈ തിരിച്ചടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ തകര്‍ച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്.

ശബരിമല പ്രക്ഷോഭം സംബന്ധിച്ച് പഠിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ നിയോഗിച്ച സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി, പട്ടികജാതി മോര്‍ച്ച ദേശിയ പ്രസിഡന്റ് വിനോദ് ശങ്കര്‍, നളീന്‍ കുമാര്‍ കട്ടീന്‍ എന്നിവരാണ് സംഘത്തിലുള്ളത്. സംസ്ഥാന ബി.ജെ.പിയിലെ നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് മുമ്പത്തേതിനേക്കാളും മൂര്‍ച്ഛിച്ചെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈമാസം അവസാനത്തോടെ കേരളത്തിലെത്തുന്ന അമിത് ഷാ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ കൈക്കൊണ്ടേക്കും.

നിലവില്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരികെ കേരളത്തിലെത്തിച്ച് രാഷ്ട്രീയത്തില്‍ സജീവമാക്കണമെന്ന മുറവിളിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കുമ്മനം തിരികെയെത്തിയാലും പാര്‍ട്ടിയിലെ വിഭാഗീയതക്ക് അറുതിയുണ്ടാകുമെന്ന് കരുതുന്നില്ല. കേന്ദ്ര നേതൃത്വത്തിനും കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ താല്‍പര്യമില്ല. മുരളീധരന്‍ – കൃഷ്ണദാസ് പക്ഷങ്ങളില്‍നിന്ന് മാറി പി.എസ്. ശ്രീധരന്‍പിള്ളയെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന കണക്കുകൂട്ടലും തെറ്റിയിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെയും എന്‍.ഡി.എയും ശക്തിപ്പെടുത്താന്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധിയുണ്ടായത്. തുടക്കത്തില്‍ വിധിയെ സ്വാഗതം ചെയ്ത സംസ്ഥാന അധ്യക്ഷന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെച്ച് നിലപാടുകളില്‍ മാറ്റം വരുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാളയത്തില്‍പടപോലെ ശ്രീധരന്‍പിള്ള കോഴിക്കോട് പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിച്ചതിന്റെ വീഡിയോ പുറത്തായതോടെ ബി.ജെ.പിയുടെ നിക്ഷിപ്തതാല്‍പര്യങ്ങളാണ് ശബരിമലയില്‍ എന്നായി. ശബരിമലയില്‍ വിശ്വാസികളെ തടയുന്നതിനായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി എത്തിയതോടെ അക്രമത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്ന ധ്വനിയും പ്രചരിച്ചു.

തുടര്‍ച്ചയായ 22 ദിവസം കെ. സുരേന്ദ്രന്‍ ജയിലില്‍ കിടക്കേണ്ടിവന്ന സാഹചര്യം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിലയിരുത്തുന്നു. അറസ്റ്റോടെ കെ. സുരേന്ദ്രന് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ മൈലേജിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് എതിര്‍ഗ്രൂപ്പുകാരനായ എ.എന്‍. രാധാകൃഷ്ണനെക്കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിച്ചത്.  കൂടാതെ അടിക്കടി പ്രഖ്യാപിച്ച ഹര്‍ത്താലോടെ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയിലും ബി.ജെ.പിക്ക് എതിര്‍ഫലമാണുണ്ടാക്കിയത് – റിപ്പോര്‍ട്ടില്‍ പറയുന്നു