ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സംസ്ഥാന സമിതി യോഗം

Jaihind Webdesk
Wednesday, May 1, 2019

BJP-Flag

ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ നേത്യത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തി. ദേശീയ നേതാക്കളെ പ്രചാരണത്തിനെത്തിക്കുന്നതിലും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതായി പ്രതിനിധികൾ ആരോപിച്ചു.  കൊച്ചിയിൽ നടന്ന ബി ജെ പി സംസ്ഥാന സമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ വീഴ്ചകളുടെ പേരിൽ നേതൃത്വത്തിനെതിരെ അംഗങ്ങൾ വിമർശനമുന്നയിച്ചത്.

ജയ സാധ്യതയുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങളിൽ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് പ്രചാരണം നടത്തുന്നതിൽ കാലതാമസം നേരിട്ടു. കൊല്ലം, വടകര മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർത്ഥികളെ നിർത്തിയത് വഴി യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കി. ത്യശൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയത് തിരിച്ചടിയായി.

നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ വൻ മുന്നേറ്റം നടത്താൻ കഴിയുമായിരുന്നു.പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും നേത്യത്വം സമ്പൂർണമായി പരാജയപ്പെട്ടു.അമിത് ഷാ ഒഴികെയുള്ള ഒരു പ്രമുഖ നേതാവിനെപ്പോലും വേണ്ട സമയത്ത് പ്രചരണത്തിനെത്തിക്കാൻ സാധിച്ചില്ല. ഇതെല്ലാം പ്രചാരണത്തിൽ പ്രതികൂലമായി ബാധിച്ചു.അതേസമയം കേരളത്തിൽ ഒന്നിലേറെ മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്ന് രാവിലെ ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തി.