‘പ്രധാനമന്ത്രിയുടേത് വെറുപ്പിന്‍റെ ഭാഷ, മോദി ജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല; ന്യായ് രാജ്യത്ത് മാറ്റം കൊണ്ടുവരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, May 11, 2019

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും വെറുപ്പിന്‍റെ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്‍റേത് സ്നേഹത്തിന്‍റെ പ്രത്യയശാസ്ത്രമാണ്. ബി.ജെ.പിയുടെ വെറുപ്പിന്‍റെയും കോണ്‍ഗ്രസിന്‍റെ സ്നേഹത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സ്നേഹംകൊണ്ടു നിറഞ്ഞ രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്‍റെ പുരോഗതിക്കുവേണ്ടി ബി.ജെ.പിയും ആർ.എസ്.എസുമായി കോൺഗ്രസ് ആശയപരമായ പോരാട്ടമാണ് നടത്തുന്നത്. മധ്യപ്രദേശിലെ ദെവാസില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. പ്രഹ്ലാദ് തിപാനിയയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ബി.ജെ.പിയും ആര്‍.എസ്.എസും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം ഗാന്ധി കുടുംബത്തോട് വെറുപ്പും വിദ്വേഷവും കാണിക്കുന്നു. അവര്‍ എന്നെയും എന്‍റെ പിതാവിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നു. എന്നാല്‍ സ്നേഹാലിംഗനമാണ് അവര്‍ക്കുളള എന്‍റെ മറുപടി. രാജ്യത്തിന്‍റെ പ്രധാനമന്ത്രി വെറുപ്പ് ഉപേക്ഷിച്ച് സ്നേഹത്തിന്‍റെ ഭാഷയാണ് സ്വീകരിക്കേണ്ടത്’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ന്യായ് പദ്ധതി രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും. ഇതിലൂടെ രാജ്യത്തിന്‍റെ തകര്‍ന്ന സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ തലത്തില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി വാഗ്ദാനം പാലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ഇപ്പോള്‍ പരാജയ ഭീതിയിലാണ്. മോദി ജയിക്കുമെന്ന് ഇപ്പോള്‍ ജനങ്ങള്‍ പറയുന്നില്ല. ഞങ്ങളുടെ നിരന്തരമായ പോരാട്ടം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരോടാണ് പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.