രാജ്യത്ത് ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. ഇങ്ങനെ പോയാല്‍ ബി.ജെ.പി മുക്ത ഭാരതം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് സ്വാമി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന് സ്വാമിയുടെ മുന്നറിയിപ്പ്.
രാജ്യത്തെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രസർക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും സുബ്രഹ്മണ്യന് സ്വാമി ചൂണ്ടിക്കാട്ടി. സമീപകാലത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനങ്ങളും ഭരണപരാജയവും ജനദ്രോഹ സമീപനങ്ങളുമെല്ലാം വിലയിരുത്തിയാണ് കേന്ദ്രത്തിന് സ്വാമി മുന്നറിയിപ്പ് നല്‍കിയത്.
‘സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ ബി.ജെ.പി മുക്ത ഭാരതം എന്നത് ഉടനെ യാഥാര്‍ത്ഥ്യമാകും. ആരാണ് പ്രധാനമന്ത്രിയുടെ ഉപദേശകരെന്ന് എനിക്കറിയില്ല. ആരാണെങ്കിലും അവർ അദ്ദേഹത്തോട് യാഥാര്‍ത്ഥ്യം പറയുന്നില്ല’ – സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
അതേസമയം രാജ്യത്ത് ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കക്ഷികള്‍ മുന്നേറുന്നതും ബി.ജെ.പി അപ്രസക്തമാകുന്നതുമാണ് കാണാന്‍ കഴിയുന്നത്. 2017 മുതല്‍ ഇതുവരെയുള്ള രണ്ട് വർഷ കാലയളവിനിടയില്‍ രാജ്യത്ത് ബി.ജെപിയുടെ അപ്രമാദിത്വത്തിന് വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്.