ബി.ജെ.പിക്ക് കഷ്ടകാലം: മധ്യപ്രദേശില്‍ പാര്‍ട്ടി വിടാനൊരുങ്ങി ഒരുവിഭാഗം ബി.ജെ.പി എം.എല്‍.എമാര്‍

Jaihind Webdesk
Wednesday, December 19, 2018

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി കേന്ദ്രത്തിന് പുതിയ വെല്ലുവിളി. മധ്യപ്രദേശില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിനൊപ്പം ചേരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്വാധീനമാണ് ഇതിനുപിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിജയവും സര്‍ക്കാര്‍ രൂപീകരണവും ബിജെപിയിലുണ്ടാക്കിയിരിക്കുന്ന കടുത്ത ആശങ്കയ്ക്കുമേലുള്ള അടിയായി മാറിയിരിക്കുകയാണ് ഇത്. നാല് ബിജെപി എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തിച്ച സഞ്ജയ് പതക്, മുന്‍മുന്‍ റോയ്, സ്വദേശ് റോയ്, അനിരുദ്ധ് മാറോ എന്നിവരാണ് മാതൃപാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്.

മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളും ബിജെ.പിയ്ക്ക് 109 അംഗങ്ങളുമാണ് ഉള്ളത്. നാല് വിമതന്മാരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു എസ്പി അംഗവും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ അവര്‍ക്ക് 121 പേരുടെ പിന്തുണയോടെ തൂക്കുമന്ത്രിസഭ രൂപീകരിക്കാനായി.

കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ കമല്‍നാഥ് നിയമസഭാംഗമല്ലാത്തതിനാല്‍ ആറ് മാസത്തിനുള്ളില്‍ കമല്‍നാഥിന് ജയിച്ച് നിയമസഭാ അംഗമാകേണ്ടതുണ്ട്. കമല്‍നാഥിനായി ഏത് സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കുമെന്ന ആലോചന നടക്കുമ്പോള്‍, ബിഎസ്പിയോ സ്വതന്ത്ര എംഎല്‍എമാരോ തങ്ങളുടെ സീറ്റ് നഷ്ടമാക്കി രാജിവെക്കില്ലെന്ന് ഉറപ്പാണെന്നിരിക്കെ ബിജെപി എംഎല്‍എമാരെ പഴയപാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടേക്കാമെന്നാണ് ബി.ജെ.പി ക്യാമ്പിനെ ആശങ്കയിലാക്കുന്നത്.

സംസ്ഥാനങ്ങളില്‍ എന്ത് നീക്കം നടത്തിയും അധികാരത്തിലെത്താന്‍ ശ്രമിച്ച മോദി- അമിത് ഷാ കൂട്ടുകെട്ട് ചാക്കിട്ടുപിടിത്തം ബിജെപി നയമാക്കിയതോടെ മറ്റ് പാര്‍ട്ടികളിലേ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് കുടിയേറിയിരുന്നു. ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരായി തെരഞ്ഞെടുപ്പുകളില്‍ മാറി ചിന്തിക്കുമ്പോള്‍ ഇവര്‍ തിരിച്ച് പോകുമോയെന്നാണ് ബിജെപിയുടെ ഭയം.

അധികാരത്തിലെത്തിയതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് ഉറപ്പുള്ളതിനാലാണ് മധ്യപ്രദേശില്‍ ബിജെപി അടങ്ങിയിരിക്കുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. കര്‍ണാടക അനുഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഒരു ബിജെപി നേതാവ് പ്രതികരിച്ചത്.

മറ്റൊരു ബിജെപി ഭയത്തിന് കാരണം കമല്‍നാഥ് എന്ന മുഖ്യമന്ത്രിയാണ്. രാഷ്ട്രീയ നീക്കങ്ങളിലും തന്ത്രങ്ങള്‍ മെനയുന്നതിലും അഗ്രഗണ്യനായാണ് ഇന്ദിരാ ഗാന്ധിയുടെ മൂന്നാമത്തെ മകന്‍ എന്നറിയിപ്പെടുന്ന കമല്‍നാഥിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിയമസഭയില്‍ അംഗ സംഖ്യ തികയ്ക്കാനുള്ള നീക്കങ്ങള്‍ കമല്‍നാഥിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്ന് ബിജെപി പേടിക്കുന്നുണ്ട്.