ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്

Jaihind Webdesk
Monday, May 6, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന മുതിര്‍ന്ന നേതാക്കളുടെ വാദം തള്ളി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ്. ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതയില്ലെന്നും സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ബിജെപിക്ക് ഭരണം നിലനിര്‍ത്താനാവൂ എന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാം മാധവ് വ്യക്തമാക്കി.

ബി.ജെ.പിക്ക് വന്‍ഭൂരിപക്ഷം ലഭിക്കുമെന്ന ബി.ജെ.പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ അവകാശവാദത്തെയാണ് രാംമാധവ് തള്ളിയത്.  ബി.ജെ.പിക്ക് ഒറ്റയ്ക്ക് 271 സീറ്റുകള്‍ ലഭിച്ചാല്‍ വളരെ സന്തുഷ്ടരാകുമെന്നും എന്‍ഡിഎയുടെ പിന്തുണയോടെ ഭൂരിപക്ഷം ലഭിക്കുമെന്നും രാംമാധവ് പറഞ്ഞു.

2014ല്‍ പാര്‍ട്ടിക്കൊപ്പം നിന്ന ഉത്തരേന്ത്യയില്‍ ഇത്തവണ പാര്‍ട്ടി കനത്ത തിരിച്ചടി നേരിടുമെന്നാണ് രാംമാധവിന്‍റെ വിലയിരുത്തല്‍. അതേസമയം, പശ്ചിമബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല.