‘മുസ്‌ലിം സ്ത്രീകളെ തെരുവിലിട്ട് കൂട്ടബലാത്സംഗം ചെയ്യണം’ ; വിദ്വേഷപ്രസ്താവനയുമായി മഹിളാമോർച്ചാ നേതാവ്; വിവാദമായപ്പോള്‍ നടപടി

Jaihind Webdesk
Monday, July 1, 2019

ഉത്തർപ്രദേശ്: ഹിന്ദു പുരുഷന്മാര്‍ മുസ്‌ലിം സ്ത്രീകളെ തെരുവിലിട്ട് കൂട്ടബലാത്സംഗം ചെയ്യണമെന്നും അതിനുശേഷം പരസ്യമായി കെട്ടിത്തൂക്കണമെന്നും ആഹ്വാനം ചെയ്ത് മഹിളാ മോര്‍ച്ചാ നേതാവ് സുനിതാ സിംഗ് ഗൌർ. വിദ്വേഷ പരാമർശത്തിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നതിനെ തുടര്‍ന്ന് സുനിതാ സിംഗിനെ പാർട്ടി സ്ഥാനത്തുനിന്ന് നീക്കി. ഉത്തര്‍പ്രദേശിലെ രാംകോലയിലെ മഹിളാ മോര്‍ച്ചാ നേതാവായ സുനിതാ സിംഗ് ഫേസ്ബുക്കിലൂടെയാണ് വിവാദ പരാമർശം നടത്തിയത്.

”മുസ്‌ലീങ്ങളുടെ കാര്യത്തില്‍ ഒരേ ഒരു പ്രതിവിധിയേയുള്ളൂ. ഹിന്ദു സഹോദരന്മാര്‍ പത്ത് പേരുള്ള സംഘമായി എത്തി ഇവരുടെ (മുസ്‌ലീങ്ങളുടെ) ഉമ്മമാരെയും സഹോദരികളെയും തെരുവിലിട്ട് കൂട്ടബലാത്സംഗം ചെയ്യണം. എന്നിട്ട്  മറ്റുള്ളവര്‍ കാണ്‍കെ പരസ്യമായി കെട്ടിത്തൂക്കണം” – സുനിതാ സിംഗ് ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ സംരക്ഷിക്കാന്‍ മുസ്‌ലിം ഉമ്മമാരുടെയും സഹോദരിമാരുടെയും അഭിമാനം കൊള്ളയടിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും സുനിത പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇത് സ്ക്രീന്‍ഷോട്ടായി പ്രചരിച്ചു. പ്രതിഷേധം കനത്തതോടെ ഗത്യന്തരമില്ലാതെ മുഖം രക്ഷിക്കല്‍ നടപടിയുമായി ബി.ജെ.പി രംഗത്തെത്തുകയായിരുന്നു. ഇത്തരം പരാമർശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുനിതാ സിംഗിനെ പാർട്ടിസ്ഥാനത്തുനിന്ന്  പുറത്താക്കുന്നതായും മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വിജയ രഹാത്കര്‍ അറിയിച്ചു.

സുനിതയുടെ വിദ്വേഷ പരമാർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നിരപരാധികളായ മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതാണ് ഹിന്ദു ശാക്തീകരണമെന്നാണ് സുനിത വിചാരിക്കുന്നതെന്ന് സി.പി.എം പി.ബി അംഗം മുഹമ്മദ് സലിം ആരോപിച്ചു. മുസ്‌ലിങ്ങളെ പന്നിക്കുട്ടികളായി മുദ്രകുത്തുന്ന തരത്തില്‍ വരെ സുനിത തരംതാണതായും അദ്ദേഹം പറഞ്ഞു. അത്യന്തം ഗുരുതരമായ പരാമര്‍ശത്തില്‍ സുനിതക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഐ.പി.സി 153 എ, 295 എ എന്നീ വകുപ്പുകള്‍ മറന്നുപോകരുതെന്നും മുഹമ്മദ് സലിം ഉത്തർപ്രദേശ് പൊലീസിനോട് ആവശ്യപ്പെട്ടു.