17ാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മൃഗീയ ഭൂരിപക്ഷം നേടിയാണ് വീണ്ടും ഭരണത്തിലേക്ക് എത്തുന്നത്. ഇത്തവണ 302 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ 44 ല്‍ സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഇത്തവണ എട്ട് സീറ്റ് കൂടുതല്‍ നേടി 52 ല്‍ എത്തി. കഴിഞ്ഞ തവണ 60 സീറ്റില്‍ ഒതുങ്ങിയ യുപിഎ മുന്നണി ഇത്തവണ 91 സീറ്റുകളും നേടിയിട്ടുണ്ട്.
എങ്കിലും രാജ്യത്ത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അടക്കം പത്ത് ഇടങ്ങളില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല എന്നത് ബി.ജെ.പിയെ കുഴയ്ക്കുന്നുണ്ട്. ഹൈന്ദവ രാഷ്ട്രീയത്തിന് അപ്പുറം വികസനത്തെയോ രാജ്യം എന്ന ഏക സങ്കല്‍പ്പത്തെയോ ഉയര്‍ത്തിക്കാണിക്കാന്‍ ബി.ജെ.പിക്ക് സാധിക്കുന്നില്ല എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.
കേരളം
കേരളത്തില്‍ ഒരു ലോക്സഭ സീറ്റ് എന്നത് ബിജെപിയുടെ ഒരിക്കലും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുകയാണ്. ബി.ജെ.പിക്ക് ലഭിക്കുമെന്ന എപ്പോഴും പറയപ്പെടുന്ന തിരുവനന്തപുരം മണ്ഡലത്തില്‍പ്പോലും കനത്ത വെല്ലുവിളിയാണ് ബി.ജെ.പിക്ക് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് എത്തിയ കുമ്മനത്തെപ്പോലും അകറ്റി നിര്‍ത്താന്‍ തിരുവനന്തപുരം മണ്ഡലം പ്രത്യേകം ശ്രദ്ധിച്ചു. ശബരിമല വിവാദം കത്തിച്ചെങ്കിലും കാര്യമായ വോട്ട് വര്‍ദ്ധനയും ബിജെപിയ്ക്ക് ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരും.
തമിഴ്‌നാട്
തമിഴ്നാട്ടില്‍ ഇത്തവണ ബിജെപി പൂജ്യം സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഡിഎംകെ മുന്നണി തമിഴ്‌നാടിനെ തൂത്തുവാരുകയായിരുന്നു. എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച എഐഎഡിഎംകെയ്ക്ക് ആകെ കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. ബിജെപിയ്ക്ക് കഴിഞ്ഞ തവണ തമിഴ്നാട്ടില്‍ ഒരു സീറ്റ് കിട്ടിയിരുന്നു. ഇത്തവണ അതും നഷ്ടമായി. എന്‍ഡിഎയുടെ ഭാഗമായി മത്സരിച്ച പിഎംകെയും സംപൂജ്യരായി.
ആന്ധ്രപ്രദേശ്
ആന്ധ്രയില്‍ ഇത്തവണ കണ്ടത് ജഗന്‍ തരംഗം ആയിരുന്നു. 25 ല്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 2014 ല്‍ രണ്ട് സീറ്റ് നേടിയ ബിജെപിയ്ക്ക് ഇത്തവണ പൂജ്യം സീറ്റുകള്‍. വോട്ട് ഷെയറില്‍ 7.5 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്.
മേഘാലയ
മേഘാലയ ഇത്തവണയും ബിജെപി മുക്തമാണ്. ആകെ രണ്ട് ലോക്സഭ മണ്ഡലങ്ങളാണ് മേഘാലയയില്‍ ഉള്ളത്. കഴിഞ്ഞ ലോക്്സഭ തിരഞ്ഞെടുപ്പിലും മേഘാലയയില്‍ ബിജെപി സംപൂജ്യരായിരുന്നു. പക്ഷേ, സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഒരു സീറ്റ് നേടിയിട്ടുണ്ട്. അവശേഷിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്.
ഒറ്റ ലോക്സഭ മണ്ഡലം ഉള്ള സംസ്ഥാനം ആണ് മിസോറാം. ഇവിടെ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. എന്നാല്‍ എന്‍ഡിഎ മുന്നണിയിലെ മിസോ നാഷണല്‍ ഫ്രണ്ട് ആകെ ഉള്ള ഒരു മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നാണ് എംഎന്‍എഫ് ഈ സീറ്റ് പിടിച്ചെടുത്തത്.
സിക്കിം
സിക്കിമിലും സമാന സ്ഥിതി തന്നെയാണ്. ഈവിടേയും എന്‍ഡിഎ സഖ്യകക്ഷി ആയിരുന്നു മത്സരിച്ചത്. ഏക മണ്ഡലത്തില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച വിജയിക്കുകയും ചെയ്തു. ഈ സീറ്റും എതിരാളികളില്‍ നിന്ന് തിരിച്ചുപിടിച്ചതാണ്.
ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍
കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകളില്‍ ബിജെപി ഇത്തവണ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ നേടിയ സീറ്റ് ഇത്തവണ കോണ്‍ഗ്രസ്സിനോടുള്ള നേരിട്ടുള്ള പോരാട്ടത്തില്‍ ബിജെപിയ്ക്ക് നഷ്ടമായി. വോട്ട് വിഹിതത്തില്‍ രണ്ടര ശതമാനത്തിന്റെ ഇടിവും ഉണ്ടായി.
ലക്ഷദ്വീപും പോണ്ടിച്ചേരിയും
ലക്ഷദ്വീപിലും ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ്. നോട്ടയ്ക്ക് തൊട്ടുമുകളില്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വോട്ട് വിഹിതവും കുഞ്ഞിട്ടുണ്ട്. എന്‍സിപി സ്ഥാനാര്‍ത്ഥിയ്ക്കാണ് ഇവിടെ വിജയം.
പോണ്ടിച്ചേരി
പോണ്ടിച്ചേരിയില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. എന്‍ഡിഎ ഘടകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് ആയിരുന്നു മത്സരിച്ചത്. കഴിഞ്ഞ തവണ പുതുച്ചേരിയില്‍ വിജയിച്ചത് ഇവരായിരുന്നെങ്കില്‍ ഇത്തവണ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്റ് നഗര്‍ ഹവേലിയില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലം ആണിത്. എന്നാല്‍ ഇത്തവണ സീറ്റ് സ്വതന്ത്രന്‍ പിടിച്ചെടുത്തു.