മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തേത്

webdesk
Sunday, January 20, 2019

ബര്‍വാനി: മധ്യപ്രദേശില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു. പ്രാദേശിക നേതാവ് മനോജ് താക്കറെയാണു കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ്. ബര്‍വാനിയിലെ കൃഷിയിടത്തിലാണ് ഞായറാഴ്ച മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയശേഷം മനോജിനെ കാണാനില്ലായിരുന്നെന്നും പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തക്കറയോടുകൂടിയ ഒരു കല്ല് പോലീസ് കണ്ടെടുത്തു.

വ്യാഴാഴ്ച മന്ദ്‌സോറിലെ ബിജെപി നേതാവും തദ്ദേശ സമിതി ചെയര്‍മാനുമായ പ്രഹ്‌ളാദ് ബന്ദ്വാറിനെ അക്രമി കൊലപ്പെടുത്തിയിരുന്നു. ജനം നോക്കിനില്‍ക്കെ പ്രഹ്‌ളാദിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ മനീഷ് ബജ്രംഗിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യമന്ത്രി കമല്‍നാഥ് അറിയിച്ചു.

അതേസമയം, കമല്‍നാഥ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി. ബിജെപി നേതാക്കള്‍ ഒന്നിനു പുറമേ ഒന്നായി കൊല്ലപ്പെടുന്നത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായെടുക്കാത്തത് ക്രൂരമായ തമാശയാണെന്നും ചൗഹാന്‍ ട്വീറ്റ് ചെയ്തു.[yop_poll id=2]