ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തു; ഷാരൂഖ് ഖാനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ബിജെപി നേതാവ്

Jaihind News Bureau
Friday, January 2, 2026

 

ന്യൂഡല്‍ഹി: ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ടീമിലെടുത്തതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയും നടനുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സംഗീത് സോം. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അവിടുത്തെ കളിക്കാരെ ടീമിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് ഉത്തര്‍പ്രദേശിലെ മുന്‍ ബിജെപി എംഎല്‍എ കൂടിയായ സംഗീത് സോം ആരോപിച്ചു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുമ്പോള്‍ അവിടുത്തെ താരത്തെ ഒന്‍പത് കോടി രൂപ നല്‍കി വാങ്ങിയ ഷാരൂഖ് ഖാന്‍ ‘രാജ്യദ്രോഹി’യാണെന്നാണ് സംഗീത് സോം വിശേഷിപ്പിച്ചത്. ഇങ്ങനെയുള്ളവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ലെന്നും മുസ്തഫിസുര്‍ റഹ്‌മാനെ പോലുള്ള താരങ്ങളെ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപിക്കുള്ളില്‍ നിന്നുതന്നെ ഇതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. സംഗീത് സോമിന്റേത് വെറും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സഖ്യകക്ഷിയായ ഓം പ്രകാശ് രാജ്ഭര്‍ പരിഹസിച്ചു.
തിരിച്ചടിച്ച് പ്രതിപക്ഷം:

ഷാരൂഖ് ഖാന്‍ മുസ്ലിം ആയതുകൊണ്ട് മാത്രമാണ് ബിജെപി അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ രാജ്പുത് ആരോപിച്ചു. സ്‌പോര്‍ട്‌സിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബംഗ്ലാദേശിലെ മൈമന്‍സിംഗില്‍ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് തീക്കൊളുത്തിയ സംഭവത്തെത്തുടര്‍ന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐപിഎല്‍ താരലേലത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നത്.