കുമ്മനത്തിന് സ്വീകരണം. ബി.ജെ.പിയില്‍ അതൃപ്തി; പങ്കെടുക്കാതെ മുരളീധര വിഭാഗം; ആര്‍.എസ്.എസ് – ഹിന്ദുഐക്യവേദി കടന്നുകയറ്റത്തില്‍ ഗ്രൂപ്പിനതീതമായി അമര്‍ഷം

B.S. Shiju
Tuesday, March 12, 2019

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തു നിന്നും തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം കെട്ടിറയിറക്കിയ കുമ്മനം രാജശേഖരന്റെ സ്വീകരണ പരിപാടിയില്‍ കല്ലുകടി. ആര്‍.എസ്.എസ് – ഹിന്ദു ഐക്യവേദി എന്നീ സംഘപരിവാര്‍ സംഘടനകള്‍ മുന്‍കൈയെടുത്തു നടത്തിയ സ്വീകരണ പരിപാടിയില്‍ നിന്നും മുരളീധര വിഭാഗം വിട്ടു നിന്നു. ഇതിനു പുറമേ കൃഷ്ണദാസ് പക്ഷത്തെ ഒരു വിഭാഗവും ഗ്രൂപ്പിനതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ പ്രാദേശിക നേതാക്കളും ചടങ്ങില്‍ നിന്നും വിട്ടു നിന്നു. കഴിഞ്ഞ ദിവസം സ്വീകരണ പരിപാടിക്ക് വേണ്ടി പ്രദേശിക ഘടകങ്ങളില്‍ ആര്‍.എസ്.എസും ഹിന്ദു ഐക്യവേദിയുമാണ് അറിയിപ്പ് നല്‍കിയത്. ബി.ജെ.പി ജില്ലാ നേതൃത്വത്തിന് കാര്യമായ മേല്‍ക്കൈ നല്‍കാതെ സംഘപരിവാര്‍- ആര്‍.എസ്.എസ് പക്ഷം നടത്തിയ നീക്കങ്ങളാണ് വിവിധ വിഭാഗങ്ങളെ ചൊടിപ്പിച്ചിട്ടുള്ളത്.

വിമാനത്താവളത്തില്‍ ബി.ജെ.പിയുടെ സമുന്നത നേതാവ് പി.കെ കൃഷ്ണദാസ്, സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ജനറല്‍ ശസക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തെങ്കിലും കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം ആര്‍.എസ്.എസ് കടന്നുകയറ്റത്തില്‍ അതൃപ്തരാണ്. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുന്നതില്‍ ആദ്യം മുതല്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

ശബരിമല യുവതീപ്രവേശനം മുഖ്യപ്രചാരണ വിഷയമാക്കി മാറ്റി വോട്ട് നേടാനാണ് ബി.ജെ.പിയുടെ പരിശ്രമം . എന്നാല്‍ സമരകാലത്തൊന്നും ഗവര്‍ണര്‍ പദവി വിട്ടൊഴിയാതിരുന്ന കുമ്മനത്തെ തെരെെഞ്ഞടുപ്പുകാലത്ത് തങ്ങള്‍ക്ക് ചുമക്കാനാവില്ലെന്നതാണ് തിരുവനന്തപുരത്തെ പ്രമുഖ വിഭാഗങ്ങളുടെ നേതാക്കന്‍മാര്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ഗവര്‍ണര്‍ പദവിയില്‍ തുടര്‍ന്ന കുമ്മനത്തിന് എങ്ങനെ വിശ്വാസികളുടെ വോട്ട് തേടാനാവുമെന്നും ഇവര്‍ ചോദിക്കുന്നു. അതിനു പുറമേ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തെ തുടര്‍ന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും ഇത് ആചാരലംഘനത്തില്‍പ്പെടില്ലേയെന്നും ഇവര്‍ ചോദിക്കുന്നു. തിരുവതാംകൂര്‍ രാജകുടുംബത്തോട് ശത്രുതാ മനോഭാവം വെച്ചുപുലര്‍ത്തുന്ന സി.പി.എമ്മിന് കുടപിടിക്കുന്ന സമീപനമാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ആര്‍.എസ്.എസിനുമുള്ളതെന്നും അതുകൊണ്ട് തന്നെയാണ് അവര്‍ അദാനി വിമാനത്താവളം കൈമാറിയതെന്നും ഇത്തരം നടപടിക്കെതിരെ പ്രതികരിക്കേണ്ട് സംസ്ഥാന നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്നും ഇവര്‍ വാദിക്കുന്നു.

സ്ത്രീപ്രവേശന വിവാദം വോട്ടാക്കി മാറ്റാന്‍ കെല്‍പ്പുള്ള കെ.സുരേന്ദ്രനെയാണ് തിരുവനന്തപുരത്ത് മത്സരിപ്പിക്കേണ്ടെതെന്നാണ് മുരളീധര വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം വഴങ്ങിയതോടെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഇതില്‍ അഭിപ്രായം രേഖപ്പെടുത്താനായില്ല. പൊതുരാഷ്ട്രീയത്തിലേക്ക് വരാന്‍ കുമ്മനത്തിന് താല്‍പര്യമുണ്ടെന്ന രീതിയില്‍ പ്രചാരണം നടത്തിയായിരുന്നു ആര്‍.എസ്.എസും ഹിന്ദുഐക്യവേദിയും കുമ്മനത്തെ തിരിച്ചു കൊണ്ടുവന്നത്. ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പൂര്‍ണ്ണമായും വഴങ്ങി കുമ്മനവും ഈ അഭിപ്രായം തന്നെ മാധ്യമങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് കുമ്മനത്തെ രാജിവെയ്പ്പിച്ച് തിരുവനന്തപുരത്തേക്ക് ആര്‍.എസ്.എസ് ആനയിച്ചത്.