ബി.ജെ.പിയെ തിരസ്കരിച്ച് കേരളം; ശബരിമലയെ രാഷ്ട്രീയവിഷയമാക്കിയ കുതന്ത്രവും പാളി

Jaihind Webdesk
Thursday, May 23, 2019

സംസ്ഥാനത്ത് ബി.ജെ.പി തകര്‍ന്നടിഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ല. സംസ്ഥാനത്ത് ബി.ജെ.പി ഉയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളും തള്ളിയായിരുന്നു കേരളത്തിലെ പൊതുസമൂഹം വോട്ടെടുപ്പില്‍ പ്രതികരിച്ചത്.

കേരളത്തില്‍ കോടികള്‍ മുടക്കി പ്രചാരണത്തിന് മുന്നിട്ടിറങ്ങിയ ബി.ജെ.പി സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. മത-സങ്കുചിത രാഷ്ട്രീയത്തിന് പ്രബുദ്ധ കേരളം നല്‍കിയ തിരിച്ചടിയായിരുന്നു തെരെഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ബി.ജെ.പിയുടെ പതനമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. വിശ്വാസസംരക്ഷണത്തിന്‍റെ പേരില്‍ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ധ്രുവീകരിച്ച് തെരെഞ്ഞെടുപ്പ് സുവര്‍ണാവസരമാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് പാളിയത്.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ആര്‍.എസ്.എസ് – സംഘപരിവാര്‍ കക്ഷികളുടെ അപ്രമാദിത്വം ന്യൂനപക്ഷങ്ങളെ ബി.ജെ.പിയില്‍നിന്നും പാടെ അകറ്റുകയും ചെയ്തു. യോഗി ആദിത്യനാഥ് അടക്കമുള്ള തീവ്രഹിന്ദുത്വവാദം ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍.എസ്.എസ് നേതാക്കള്‍ കേരളത്തെ പാകിസ്ഥാനേട് ഉപമിച്ചതും അവര്‍ക്ക് തിരിച്ചടിയായി. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമടക്കം മത്സരിച്ച എല്ലായിടത്തും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ തോല്‍വിയുടെ രുചിയറിഞ്ഞു.

വിശ്വാസം സംരക്ഷിക്കാനെന്ന പേരില്‍ ശബരിമലയില്‍ അരങ്ങേറിയ സംഘപരിവാര്‍ അക്രമവും കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് സമ്മാനിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും നോട്ടു നിരോധനവും രാഷ്ട്രീയ കേരളം എഴുതിത്തള്ളിയതോടെ ബി.ജെ.പിയുടെ അക്കൗണ്ട് തുറക്കലെന്ന സ്വപ്‌നമാണ് അസ്ഥാനത്തായത്. ഇതിനു പുറമേ ബി.ജെ.പിക്കുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലടിച്ചതും നേതാക്കള്‍ തമ്മിലുള്ള പടലപിണക്കവും പാര്‍ട്ടിക്ക് വിനയായതോടെ മത്സരിച്ച സീറ്റുകളില്‍ എല്ലം പരാജയത്തിന്‍റെ പടുകുഴിയിലേക്ക് ബി.ജെ.പി നീങ്ങുകയും ചെയ്തു.