ബി.ജെ.പി വോട്ടുകള്‍ എവിടെ? ചോദ്യങ്ങളുമായി അണികള്‍; മറുപടി പറയാതെ നേതാക്കള്‍

Jaihind Webdesk
Thursday, October 24, 2019

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്ന ബി.ജെ.പി വോട്ടുകള്‍ എവിടെ പോയി എന്ന ചോദ്യമാണ് ഉയരുന്നത്. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ ഒന്നാംസ്ഥാനത്ത് എത്തി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷ് മൂന്നാം സ്ഥാനത്തെത്തി. വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്.

മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ബി.ജെ.പിക്ക് കഴിഞ്ഞത്. കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പി നടത്തിയ പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് ഇത്തവണ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാല്‍ ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോയതായി വ്യക്തം. ചില സാമുദായക സന്തുലിതാവസ്ഥ ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മോദിയുടെയും അമിത്ഷായുടെയും അജണ്ട് നടപ്പിലാക്കാന്‍ ബി.ജെ.പി സി.പി.എമ്മിന് വോട്ട് ചെയ്തുവെന്ന് വ്യക്തമാണ്. വട്ടിയൂര്‍ക്കാവില്‍ 25,000ത്തിലധികം വോട്ട് ബി.ജെ.പിക്ക് നഷ്ടമായത്. ഇതാണ് വി.കെ. പ്രശാന്തിന് ലഭിച്ചതെന്ന് വ്യക്തം. കോന്നിയില്‍ ബി.ജെ.പി മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും നല്ല പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞില്ല.

മഞ്ചേശ്വരത്ത് മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ച്ചവെച്ചത്. കഴിഞ്ഞതവണ 89 വോട്ടുകള്‍ മാത്രമായിരുന്ന ഭൂരിപക്ഷം 7923 വോട്ടായി വര്‍ദ്ധിച്ചു. മഞ്ചേശ്വരത്ത് സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്കാണ് ലഭിച്ചത്. ചുരുക്കത്തില്‍ ബി.ജെ.പി വോട്ടുകള്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് പോയതിന് പാര്‍ട്ടി നേതൃത്വം മറുപടി പറയേണ്ടിവരും. ശക്തികേന്ദ്രഹങ്ങളിലെ വോട്ടുചോര്‍ച്ച ബി.ജെ.പി സംഘടനയിലെ ചേരിപ്പോര് രൂക്ഷമാക്കും. ബി.ജെ.പി വോട്ട് വാങ്ങി വിജയിച്ച സി.പി.എം ഉത്തരം പറയേണ്ടി വരും.