കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാം; അച്ചടക്കനടപടി താല്‍ക്കാലികമായി മരവിപ്പിച്ചു

Jaihind Webdesk
Saturday, February 9, 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്കെതിരായ അച്ചടക്കനടപടി ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചു. കേസ് പൂർത്തിയാകുന്നതുവരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ നാല് കന്യാസ്ത്രീകളെയും അനുവദിച്ചുകൊണ്ട് രൂപതാ അഡ്മിനിസ്ട്രേറ്റർ ആഗ്നലൊ കന്യാസ്ത്രീകൾക്ക് കത്തയച്ചു. അതിനിടെ കോട്ടയത്ത് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീക്ക് പിന്തുണ നൽകിയതിന്‍റെ പേരിലാണ് നാല് കന്യാസ്ത്രീകൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായത്. ഈ നടപടിയാണ് ജലന്തർ രൂപത തൽക്കാലത്തേക്ക് മരവിപ്പിച്ചത്. കേസ് പൂർത്തിയാകുന്നതുവരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചു. ഇത് സംബന്ധിച്ച കത്ത് രൂപതാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അഗ്നലൊ കന്യാസ്ത്രീകൾക്ക് നൽകി.

കന്യാ സ്ത്രീകൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കുക, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൽസ്ഥാനത്ത് നിന്ന് നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയത്ത് പ്രതിഷേധ കൺവെൻഷൻ നടത്തി. ഈ കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു.

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യവുമായി എത്തിയവർ ഇവർക്ക് നേരെ തിരിഞ്ഞതോടെ പ്രതിഷേധക്കാർക്ക് പിൻവാങ്ങേണ്ടി വന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.