ലൈംഗിക പീഡനക്കേസിൽ ബിനോയിയ്ക്ക് ഡിഎന്‍എ പരിശോധന

Jaihind Webdesk
Monday, July 8, 2019

Binoy-Kodiyeri-trouble

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിളുകൾ നൽകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ബിനോയിയോട് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച്ച രക്തസാമ്പിളുകൾ നൽകണമെന്നാണ് നിർദ്ദേശം. ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് സന്നദ്ധത അറിയിച്ചതായാണ് സൂചന.

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ബിനോയ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയത്.  പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിയായ യുവതി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്.  വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗിക ചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.