പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സംരക്ഷിച്ച് പൊലീസ്; ബിജെപി നേതാവായ പ്രതി ഒളിവിലെന്ന് മറുപടി; പാലത്തായി മറ്റൊരു വാളയാര്‍ ആക്കരുതെന്ന് ഷാഫി പറമ്പില്‍

Jaihind News Bureau
Wednesday, April 15, 2020

പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ സംരക്ഷിച്ച് പൊലീസ്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റായ പത്മരാജനെ പരാതി നല്‍കി ഒരു മാസമായിട്ടും പൊലീസ് പിടികൂടിയിട്ടില്ല. അതേസമയം പാലത്തായി മറ്റൊരു വാളയാര്‍ ആക്കരുതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപകന്‍ പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്. പരാതി നല്‍കി ഒരു മാസമായിട്ടും ഇയാളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ കൂത്ത്പറമ്പ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പാലത്തായി. മന്ത്രിയോട് ഇതേപറ്റി ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയും വിചിത്രമാണ്.

പീഢനവാര്‍ത്തയറിഞ്ഞ് സ്വന്തം മണ്ഡലത്തിലെ പെണ്‍കുട്ടിക്ക് ധൈര്യം പകര്‍ന്ന് രണ്ടുവാക്ക് പറയാന്‍ പോലും നേരമില്ലാതായി പോയി ഈ കരുതലിന്‍റെ മൊത്തകച്ചവടക്കാര്‍ക്ക്. പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാലത്തായി മറ്റൊരു വാളയാറാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും, പൊലീസിന്‍റെയും ഭരണകൂടത്തിന്‍റെയും ഈ അനാസ്ഥക്കെതിരെയും ഒത്തുകളിക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

അതേസമയം ലൈറ്റണച്ചും, പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായ്-ഭായ് ബന്ധം ഒരു പിഞ്ചു കുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളം സഹിക്കില്ലെന്ന് വി റ്റി ബല്‍റാം എം എല്‍ എ ഫെയ്ബുക്കില്‍ കുറിച്ചു. സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ ശിശുക്ഷേമകാര്യ മന്ത്രിക്കും സംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പരാതി നല്‍കി. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി എടുക്കുമെന്ന മുഖ്യമന്തിയുടെ ഉള്‍പ്പെടെയുള്ളവരുടെ വാക്ക് പാഴായിപ്പോവുകയാണ്. പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളി നടത്തുന്നു എന്ന ആരോപണവും ശക്തമാണ്.

https://youtu.be/wY2-YFJsl50