ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് തിങ്കളാഴ്ച്ച; ‘ബിനോയ് യുവതിക്കും കുട്ടിക്കും വിസ അയച്ചു’ കൂടുതല്‍ തെളിവുകള്‍ പുറത്ത്

Jaihind Webdesk
Thursday, June 27, 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ വിധിപറയല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച മുംബയ് ദിന്‍ദോഷിയിലെ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് പരിഗണിക്കുക. പ്രത്യേക അഭിഭാഷകനെ വെക്കണമെന്ന ആവശ്യം പരാതിക്കാരി മുമ്പോട്ടു വെച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. വിശദമായി വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരാതിക്കാരിക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ അവസരം നല്‍കും.

പരാതിക്കാരിയായ യുവതിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഗള്‍ഫിലേയ്ക്കുള്ള ടൂറിസ്റ്റ് വിസയാണ് അയച്ചത്. ബിനോയിയുടെ സ്വകാര്യ ഇ മെയിലില്‍ നിന്നാണ് വിസ അയച്ചിരിക്കുന്നത്. പ്രോസിക്യൂഷന് പുറമെ തനിക്ക് അഭിഭാഷകന്‍ വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ബിനോയിയ്ക്ക് ജാമ്യം നല്‍കരുത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ബിനോയിയ്ക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് പ്രതിഭാഗം വാദിച്ചു. മുംബയ് അന്ധേരിയിലെ ഫ്ളാറ്റില്‍ ബിനോയിക്കൊപ്പം താമസിച്ചതിന്റേ രേഖകളും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരിലുള്ള പാസ്പോര്‍ട്ടിന്റെ കോപ്പിയും യുവതി നേരത്തെ പൊലീസിന് കൈമാറിയിരുന്നു. അതേസമയം വിവാഹരേഖ വ്യാജമാണ് എന്നാണ് ബിനോയിയുടെ വാദം. കുട്ടിയുടെ പിതാവ് താനല്ല എന്ന് പറയുന്ന ബിനോയ് പക്ഷെ ഇത് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായിരുന്നില്ല.