എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലിരിക്കെ ബിനീഷ് കോടിയേരിക്ക് ഫോൺ ലഭിച്ചു; രാത്രിതാമസം മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി

Jaihind News Bureau
Monday, November 9, 2020

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ രാത്രി താമസിപ്പിക്കുന്നത് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ താമസിച്ചിരുന്ന വിത്സൺ ഗാർഡൻ സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. ഇന്നലെയാണ് എൻഫോഴ്സെമെന്‍റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.

അതേസമയം, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് തുടർച്ചയായ 12 ദിവസവും ചോദ്യം ചെയ്തു. അതേസമയം ബിനീഷ് കോടിയേരിയെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും രഹസ്യമായി ചോദ്യം ചെയ്യുന്നതായും സൂചനയുണ്ട്. ലഹരി ഇടപാടിന് അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷ് നൽകിയതാണോ എന്നു കണ്ടെത്താനാണു ശ്രമം. അതിനിടെ ബിനീഷ് കോടിയേരിയുടെ 5 കമ്പനികളെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. ബിനീഷ് ഡയറക്ടറായി ബംഗളുരുവിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ കടലാസ് കമ്പനികളാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു.