ജമ്മൂ കശ്മീരിലെ കുപ്‌വാരയില്‍ ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ബീഹാര്‍ സ്വദേശിയായ ജവാന്‍റെ ഭൗതിക ശരീരത്തോട് എന്‍ഡിഎ നേതാക്കളുടെ അനാദരവ്. സിആര്‍പിഎഫ് ഇന്‍സ്‌പെകടര്‍ പിന്‍റു കുമാര്‍ സിങ്ങിന്‍റെ ഭൗതിക ശരീരം എയര്‍പോര്‍ട്ടിലെത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ എത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയുടെ തിരക്കിലായിരുന്നു എന്‍ഡിഎ നേതാക്കള്‍.
എന്‍ഡിഎയുടെയും സര്‍ക്കാരിന്‍റെയും മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ടായിരുന്നിട്ടും ആരും തന്നെ എയര്‍പോര്‍ട്ടിലെത്താതിരുന്നത് വന്‍ വിവാദത്തിന് തിരികൊളുത്തി.
രാവിലെ പറ്റ്‌ന എയര്‍പോര്‍ട്ടിലെത്തിച്ച ഭൗതിക ശരീരത്തിന് ആദരവ് അര്‍പ്പിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി, മുതിര്‍ന്ന പൊലീസ- സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നിവരാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.
എന്‍ഡിഎയുടെ സഖ്യ കക്ഷികളിലൊന്നായ ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവ് ചൗധരി മഹ്ബൂബ് അലി കൈസര്‍ മാത്രമാണ് എന്‍ഡിഎയില്‍ നിന്ന് എത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മറ്റാരെയെങ്കിലും അയക്കണമായിരുന്നുവെന്ന് കൈസര്‍ പറഞ്ഞു. താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയം പറയാനല്ലെന്നും മറിച്ച് തന്റെ ആദരവ് അര്‍പ്പിക്കാനാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ പ്രതികരിച്ചു.
മുഖ്യമന്ത്രി എത്താതിരുന്നതിനെ മരിച്ച ജവാന്റെ ബന്ധുക്കളും കുറ്റപ്പെടുത്തി. പുല്‍വാല ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 2 ജവാന്മാരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഫെബ്രുവരി 16ന് നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങിയവര്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് മോഡിയുടെ റാലിയില്‍ പങ്കെടുക്കാനായി കേന്ദ്രമന്ത്രിമാരും മന്ത്രിമാരും പറ്റ്‌നയില്‍ എത്തിച്ചേര്‍ന്നിട്ടും ആരും തന്നെ എയര്‍പോര്‍ട്ടിലെത്തിയില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വളരെയേറെ പ്രാധാന്യം മോഡി കല്‍പ്പിച്ചിരുന്ന പ്രധാന പൊതു സമ്മേളനം എന്ന നിലയിലും 2005ന് ശേഷം ബീഹാറില്‍ എന്‍ഡിഎ നടത്തുന്ന ആദ്യ സംയുക്ത റാലി എന്നതും 2009ന് ശേഷം ആദ്യമായി പ്രധാനമന്ത്രിയും നിതീഷ് കുമാറും ഒരേ വേദി പങ്കിടുന്നു എന്നതും റാലിയുടെ പ്രത്യേകതകളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
30 തീവണ്ടികളും 6000 ബസുകളുമാണ് റാലിയില്‍ ആളുകളെ പങ്കെടുപ്പിക്കാനായിട്ട് ബിജെപിയും സംഘാടകരും ബുക്ക് ചെയ്തിരുനത്. സിആര്‍പിഎഫ് ജവാന്‍റെ ഭൗതിക ശരീരം നാട്ടിലേയ്ക്ക് കൊണ്ടു വരുന്നത് പ്രമാണിച്ച് റാലി മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ബിജെപിയും എന്‍ഡിഎയും തയ്യാറായിരുന്നില്ല.
സംഭവം വിവാദമായതോടെ ജനതാദള്‍ യുണൈറ്റഡ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍ എന്‍ഡിഎ നേതാക്കളുടെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചു. രോഷാകുലരായ നാട്ടുകാര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബീഹാര്‍ മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പ്രശാന്ത് കിഷോറിന്‍റെ ഖേദപ്രകടനം.
We are sorry for the error of judgement on part of those of us who should have been there with you in this hour of grief. pic.twitter.com/DIhpiKlyd6
— Prashant Kishor (@PrashantKishor) March 3, 2019