തെലങ്കാന : പി.കെ കൃഷ‌്ണദാസിനെ തെരഞ്ഞെടുപ്പ‌് ചുമതലയില്‍നിന്ന‌് നീക്കി

Jaihind Webdesk
Thursday, December 27, 2018

PK-Krishnadas-Kummanam

തെലങ്കാനയുടെ തെരഞ്ഞെടുപ്പ‌് ചുമതലയില്‍നിന്ന‌് പി.കെ കൃഷ‌്ണദാസിനെ ബിജെപി കേന്ദ്രനേതൃത്വം നീക്കി. മിസോറാം ഗവർണർ സ്ഥാനത്ത് നിന്ന് കുമ്മനം രാജശേഖരനെ നീക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണദാസിന് അപ്രതീക്ഷിത തിരിച്ചടി.

കുമ്മനത്തെ പണിഷ്മെന്‍റ് ട്രാൻസ്ഫർ നൽകിയാണ് ബിജെപി കേന്ദ്ര നേതൃത്വം മിസോറാമിലേക്ക് അയച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കാര്യമായ പുരോഗതിയൊന്നും ബിജെപിക്ക് മിസോറാമിൽ ഉണ്ടായില്ല. ഇതേ തുടർന്നാണ് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായി കുമ്മനത്തെ കയറ്റി അയക്കാൻ ചൂടു പിടിച്ച ചർച്ചകൾ തുടങ്ങിയത്. ഇതിനിടെ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത് കൃഷ്ണദാസ് പക്ഷത്തിനാണ്.

തെലങ്കാനയില്‍ പി കെ കൃഷ‌്ണദാസിനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ബിജെപിക്ക‌് നേരിട്ടു. അഞ്ച‌് സീറ്റുണ്ടായിരുന്നത‌് ഒറ്റ സീറ്റായി ചുരുങ്ങി. വോട്ടുശതമാനവും ഗണ്യമായി ഇടിഞ്ഞു. അമിത‌് ഷാ, യോഗി ആദിത്യനാഥ‌് തുടങ്ങിയ നേതാക്കള്‍ എത്തി വലിയ പ്രചാരണം തെലങ്കാനയില്‍ നടത്തിയെങ്കിലും വോട്ടിങ്ങില്‍ പ്രതിഫലനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ‌് കൃഷ‌്ണദാസിനെ മാറ്റിയത‌്. പകരം കര്‍ണാടകത്തില്‍നിന്നുള്ള അരബിന്ദ‌് ലിമ്ബാവലിക്കാണ‌് ചുമതല. കേരളത്തില്‍ എതിര്‍പക്ഷത്തുള്ള വി മുരളീധരന‌് ആന്ധ്രയുടെ ചുമതല ലഭിച്ചതും കൃഷ‌്ണദാസ‌് പക്ഷത്തിന‌് തിരിച്ചടിയാണ‌്. തെലങ്കാനയുള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ചുമതലക്കാരുടെ പട്ടിക ബിജെപി പുറത്തുവിട്ടു. അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക‌് തിരിച്ചടി നേരിട്ട രാജസ്ഥാന്‍, മധ്യപ്രദേശ‌്, ഛത്തീസ‌്ഗഢ‌്, തെലങ്കാന എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ‌് ചുമതലക്കാര്‍ മാറി.