ബി.ജെ.പിക്ക് ജിന്ന പ്രിയപ്പെട്ടവന്‍; ഇനിമുതല്‍ ഭാരതീയ ജിന്നാ പാര്‍ട്ടിയെന്ന് വിമര്‍ശനം

Jaihind Webdesk
Monday, May 13, 2019

ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നതിനെതിരെ വിമര്‍ശനം ശക്തം. ബിജെപിയെ ഭാരതീയ ജിന്ന പാര്‍ട്ടി എന്ന് വിളിക്കാമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പരിഹാസം. നെഹ്രുവിനേക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ജിന്നയെ ആണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നുവെന്ന മധ്യപ്രദേശിലെ രത്ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗുമന്‍ സിംഗ് ദാമോദാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും ദാമോര്‍ ആരോപിച്ചിരുന്നു.

ദേശീയ സുരക്ഷയും പാകിസ്ഥാന്‍ വിരുദ്ധതയും പ്രചാരണ ആയുധമാക്കി ഉയര്‍ത്തിക്കാട്ടിയായിരുന്നു ബിജെപി വോട്ട് തേടിരുന്നത്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയുടെ പരാമര്‍ശം വരും ദിവസങ്ങളില്‍ ബിജെപിക്ക് തലവേദനയാകുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍ കരുതുന്നത്.