ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് അഡ്വ. അനിൽബോസിന്; കേരളത്തിൽ നിന്നുമുള്ള അവാർഡ് പട്ടികയിലെ ഏക വ്യക്തി

Jaihind Webdesk
Wednesday, December 6, 2023

ഭാരതരത്ന മദർ തെരേസ ഗോൾഡ് മെഡൽ അവാർഡ് അഡ്വ. അനിൽബോസിന്. ദേശീയ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന മികച്ച സാമൂഹിക പ്രവർത്തകൻ എന്നുള്ള നിലയിലാണ് അനിൽ ബോസിന് അവാർഡ് നൽകുന്നത്. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കും വ്യാവസായിക മേഖലയിലെ സംഭാവനകൾക്കും ശാസ്ത്ര മേഖലയിലെ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കുമായി വിവിധ തലങ്ങളിലെ പ്രാഗൽഭ്യം കണക്കിലെടുത്ത് തെരഞ്ഞെടുക്കപ്പെടുന്ന 20 ഓളം വ്യക്തികൾക്കാണ് അവാർഡ് നൽകുന്നത്. സർട്ടിഫിക്കറ്റും ട്രോഫിയും ഗോൾഡ് മെഡലും അടങ്ങുന്നതാണ് പുരസ്കാരം.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും ദേശീയ ഐക്യത്തിനും വേണ്ടി കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയം പങ്കാളിയായത് പരിഗണിച്ചാണ് അനിൽ ബോസിന് അവാർഡ് നൽകിയിട്ടുള്ളത്. ആലപ്പുഴ സ്വദേശിയായ അഡ്വ. അനിൽ ബോസ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ വക്താവും തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അസംഘടിത തൊഴിലാളി കോൺഗ്രസിന്‍റെ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗവും കൂടിയാണ് അദ്ദേഹം. ചെന്നെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എക്കണോമിക് പ്രോഗ്രസ് ആന്‍റ് റിസർച്ച് ഓർഗനൈസേഷൻ ആണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ വർഷവും മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വ്യക്തികൾക്ക് നൽകിവരുന്നതാണ് മദർ തെരേസയുടെ പേരിലുള്ള അവാർഡ്.

മുൻ കേന്ദ്രമന്ത്രി എം വി രാജശേഖരൻ , ജസ്റ്റിസ് പത്മനാഭ കെദിലിയ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്നുമുള്ള അവാർഡ് പട്ടികയിലെ ഏക വ്യക്തിയാണ് അനിൽ ബോസെന്ന് ഗ്ലോബൽ എക്കണോമിക് പ്രോഗ്രസ് ആൻഡ് റിസർച്ച് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.ഐ. എസ് ബാഷ അറിയിച്ചു. ഡിസംബർ 30ന് വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ ബാംഗ്ലൂരിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.