ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ശക്തി പകരും: ജയ്റാം രമേശ്

Jaihind Webdesk
Wednesday, September 28, 2022

മലപ്പുറം: ഭാരത് ജോഡോ യാത്രയെ ജനം എറ്റെടുത്തുവെന്നും ജനങ്ങൾ ജോഡോ യാത്രയെ കുറിച്ച് സംസാരിക്കുന്നുവെന്നും മാധ്യമവിഭാഗം ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്. ജോഡോ യാത്ര ആരംഭിച്ചതോടെ കോൺഗ്രസിന് യൗവനം കൈവന്നു. 2024 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ശക്തി പകരുമെന്നും ജയ്റാം രമേശ് മലപ്പുറത്ത് വാർത്താ സമ്മേളത്തിൽ പറഞ്ഞു.

ഭാരത് ജോഡോ യാത്ര 18 ദിവസത്തിനുള്ളിൽ കേരളത്തിൽ 353 കിലോമീറ്റർ പൂർത്തിയാക്കി. കന്യാകുമാരി മുതൽ വണ്ടൂർ വരെയുള്ള ആകെ 475 കിലോമീറ്റർ ഇന്ന് പൂർത്തിയാകും. 15 കിമീ കൂടി യാത്ര കേരളത്തിൽ സഞ്ചരിക്കാനുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം യാത്ര തമിഴ്നാട്ടിലൂടെ കർണാടകയിലേക്ക് പ്രവേശിക്കും. കേരളത്തിലെ പര്യടനം വലിയ വിജയമായി എന്നും ജയറാം രമേശ് പറഞ്ഞു . ദിവസവും 22 കിലോമീറ്റർ ദൂരം യാത്ര സഞ്ചരിക്കുന്നുണ്ട്.

കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതാണ് ഭാരത് ജോഡോ യാത്രയെന്നും ജയ്റാം രമേശ് പറഞ്ഞു. കീഴ് ഘടകങ്ങളിൽ അടക്കം കോൺഗ്രസ് പ്രവർത്തകർക്ക് യാത്ര ആത്മവിശ്വാസം നൽകും. യാത്രയിലെ പങ്കാളിത്തത്തിൽ വിറളി പൂണ്ട
ബിജെപിയും സിപിഎമ്മും ഭാരത് ജോഡോ യാത്രക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും 2024 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പ്രചോദനം ഉൾക്കൊണ്ട ഇതര സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ ജോഡോ യാത്രക്ക് തയാറായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് റേഡിയോ പരിപാടി പോലെയല്ല ജോഡോ യാത്ര. എല്ലാ വിഭാഗം ആളുകളുമായും കൂടിക്കാഴ്ച നടത്തിയാണ് യാത്ര മുന്നോട്ട് പോകുന്നതെന്നും ജയറാം രമേശ് പറഞ്ഞു. ബിജെപി ജെ.പി നദ്ദയെ തെരഞ്ഞെടുത്തതുപോലെയല്ല എഐസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 100 ശതമാനം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതെന്നും ജയ്റാം രമേശ് വ്യക്തമാക്കി.