രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ രാജസ്ഥാനില്‍; മധ്യപ്രദേശില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Saturday, December 3, 2022

May be an image of one or more people and people standing

ഭോപ്പാല്‍/മധ്യപ്രദേശ്: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര എൺപത്തിയേഴാം ദിനം മധ്യപ്രദേശിൽ പര്യടനം തുടരുന്നു. അഗാറിലെ മഹുദിയയിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. മധ്യപ്രദേശിലെ പര്യടനം പൂർത്തിയാക്കി യാത്ര നാളെ രാജസ്ഥാനിലേക്ക് പ്രവേശിക്കും. 7 സംസ്ഥാനങ്ങളിലായി ഇതിനോടകം 2500 കിലോമീറ്ററുകളാണ് പദയാത്ര പിന്നിട്ടത്.

കന്യാകുമാരിയിൽ നിന്ന് മധ്യപ്രദേശ് വരെയും പദയാത്രയ്ക്ക് ജനങ്ങളുടെ നിർലോഭമായ സ്നേഹവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ വാക്കുകൾ കേൾക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ മുഖ്യ ലക്ഷ്യം. തൊഴില്ലായ്മ, വിലക്കയറ്റം എന്നിവ ഉയർത്തിയാണ് ഭാരത് ജോഡോ യാത്ര. എല്ലാ വിഭാഗം ജനങ്ങളും യാത്രയെ വരവേൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി ഭരണത്തില്‍ അടിച്ചമർത്തപ്പെടുന്ന ജനങ്ങളുടെ ശബ്ദം കേട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് യാത്രയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിക്കും യാത്രയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേരുന്നത്. മധ്യപ്രദേശിലെ പര്യടനം നാളെ പൂര്‍ത്തിയാക്കുന്നതോടെ യാത്ര  7 സംസ്ഥാനങ്ങള്‍ പിന്നിടും.  തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് യാത്ര മധ്യപ്രദേശിലെത്തിയത്. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്ര കശ്മീരില്‍ സമാരിക്കും.

 

May be an image of 1 person, standing and outdoors