അടിസ്ഥാനവർഗ ജനവിഭാഗങ്ങളുമായി സംവദിച്ച് രാഹുല്‍; ഐക്യ മുന്നേറ്റ യാത്രയായി ഭാരത് ജോഡോ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാലാം ദിവസത്തിന്‍റെ ആദ്യഘട്ടം പൂർത്തിയാക്കി. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ നയിക്കുന്ന യാത്രയ്ക്ക് വന്‍ ജനപിന്തുണയാണ് നാലാം ദിവസവും ലഭിക്കുന്നത്. ഇന്ന് വൈകിട്ടോടെ കേരള അതിർത്തിയിലെത്തുന്ന യാത്ര അടുത്ത ദിവസം മുതൽ കേരളത്തിൽ പര്യടനം ആരംഭിക്കും.

മതപരമായും ഭാഷാപരമായും രാജ്യത്തെ വിഭജിക്കുന്ന ബിജെപി രാഷ്ട്രീയത്തിനെതിരെ വൻ ജനാവലിയുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നോട്ടുപോകുന്നത്. യാത്ര കന്യാകുമാരി ജില്ല കടന്നപ്പോൾ തന്നെ ആയിരക്കണക്കിനാളുകൾ രാഹുലിനെ പിന്തുടരുകയാണ്. നാലാം ദിവസമായ ഇന്ന് മുളകുമൂട് നിന്ന് ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. നാസിക് ഡോളുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ കാത്തുനിന്നിരുന്നു.

9.20 ഓടെ തന്നെ യാത്ര മാർത്താണ്ഡം ക്രിസ്റ്റ്യൻ കോളേജിൽ എത്തി. മുൻ ദിവസത്തേതിന് സമാനമായി ജനക്കൂട്ടത്തിന്‍റെ ആവേശത്തെ നിയന്ത്രിക്കാൻ പോലീസ് സംവിധാനങ്ങൾ പ്രയാസപ്പെട്ടു. ഉച്ചയ്ക്ക് 2 മണിക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നശേഷിക്കാർക്കായുള്ള അവകാശ സംരക്ഷണ പ്രവർത്തകർ എന്നിവരുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ന് പാറശാലയില്‍ എത്തിച്ചേരുന്ന യാത്ര, നാളെ മുതല്‍ കേരളത്തില്‍ പര്യടനം ആരംഭിക്കും. 19 ദിവസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 29 ന് കർണാടകത്തിലേക്ക് പ്രവേശിക്കും.

Comments (0)
Add Comment