വരന്‍ പാതി മലയാളി, വധു ജമ്മുവില്‍ നിന്ന് ബംഗാളിലെത്തിയ കുടുംബാംഗം. ഇരുവരുടേയും വിവാഹം ‘ഭാരത് ജോഡോ വിവാഹ്’ ആണെന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലില്‍ വരനും വധുവും വിവാഹ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചതോടെ അത് വൈറലായി പടര്‍ന്നു. രാഹുല്‍ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ യാത്ര’ യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കത്തു തയ്യാറാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തിന്റെ വൈവിദ്ധ്യത്തിന്റെ സ്പന്ദനമാണ് ഈ ക്ഷണക്കത്ത് എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം
ഇന്ത്യയുടെ സാസ്‌ക്കാരിക വൈവിദ്ധ്യം ഉള്‍ക്കൊണ്ട് ദേശീയതയില്‍ ഒരുമിക്കാനുള്ള സന്ദേശമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്ര. രാഹുല്‍ ഗാന്ധി രാജ്യത്തുടനീളം നടത്തിയ മാര്‍ച്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാരത് ജോഡോ യാത്രാ പോസ്റ്ററുകളെ അനുകരിച്ചാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. അതേ നിറങ്ങളും ഡിസൈനും ആകര്‍ഷകമായി ഉപയോഗിച്ചിരിക്കുന്നു.
ജമ്മുവില്‍ നിന്ന് ബംഗാളിലെത്തിയ കുടുംബത്തില്‍ നിന്നുള്ള അഭിലാഷ കോട് വാളാണ് വധു. പഞ്ചാബിലും കേരളത്തിലും കുടുംബ വേരുകളുള്ള വിനാല്‍ വില്യം ആണ് വരന്‍. ഇവരുടെ വിവാഹം ഇന്ത്യയുടെ സംസ്‌ക്കാരത്തിന്റെ വൈവിദ്ധ്യത്തിന്റെ സംഗമമാകുന്നത് അങ്ങിനെയാണ്. വിവാഹ ക്ഷണക്കത്തില്‍ അഭിലാഷയെ ‘ജമ്മുവിന്റെയും ബംഗാളിന്റെയും മകള്‍’ എന്നും വിനലിനെ ‘പഞ്ചാബിന്റെയും കേരളത്തിന്റെയും മകന്‍’ എന്നും പരാമര്‍ശിക്കുന്നു.
വിവാഹം ഒരു സഖ്യ സര്‍ക്കാരിനേക്കാള്‍ വൈവിധ്യപൂര്‍ണ്ണമാകുമ്പോള്‍, അത് ശരിക്കും സ്‌പെഷ്യല്‍ ആകുന്നു ! എന്നാണ് ക്ഷണക്കത്തു പങ്കുവച്ചുകൊണ്ട് വധൂവരന്മാര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വധു പങ്കുവെച്ച വിവാഹ ക്ഷണക്കത്ത് എല്ലാവരുടെയും ഹൃദയങ്ങളെ കീഴടക്കി. രാഹുല്‍ ഗാന്ധി നയിച്ച ‘ഭാരത് ജോഡോ യാത്ര’യുടെ പമുദ്രാവാക്യങ്ങള്‍ സ്വീകരിച്ച് അഭിലാഷ കോട്വാളും വിനാല്‍ വില്യമും അവരുടെ പ്രണയകഥയുടെ സൂചന നല്‍കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഞങ്ങളുടെ പ്രണയം. അതിന് നിങ്ങളുടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതില്‍ അഭിമാനമുണ്ട്!’ എന്ന് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് എക്‌സില്‍ പോസ്റ്റു ചെയ്തു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും ഡല്‍ഹിയില്‍ നടക്കുന്ന വിവാഹത്തിന് അഭിലാഷ ക്ഷണിച്ചിട്ടുണ്ട്.
‘ഭാരത് ജോഡോ കല്യാണയാത്ര’ യുടെ ക്ഷണക്കത്ത് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കൈമാറുകയും ചെയ്തു, ഒപ്പം ഭരണഘടനയുടെ പതിപ്പും മധുരപലഹാരങ്ങളും. പത്തനംതിട്ട കൂടല്‍ വിളവിനാലില്‍ വില്യം വര്‍ഗീസിന്റെയും പഞ്ചാബ് ഹോശിയാര്‍പുരിലെ അനുപമയുടെയും മകനാണു ഡല്‍ഹിയില്‍ ബിസിനസുകാരനായ വിനല്‍. ജമ്മുവില്‍ നിയമ മന്ത്രിയായിരുന്ന തേജ്റാം കോത്വാളിന്റെ കൊച്ചുമകളാണ് സാമൂഹികപ്രവര്‍ത്തകയായ അഭിലാഷ. സ്വാതന്ത്ര്യാനന്തരം ഇവരുടെ കുടുംബം ബംഗാളിലേക്കു താമസം മാറുകയായിരുന്നു. 21ന് ഹിന്ദു ആചാരപ്രകാരവും 22ന് ക്രിസ്ത്യന്‍ ആചാരപ്രകാരവും നോയിഡയിലാണ് വിവാഹച്ചടങ്ങുകള്‍