
പാലാ: കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താന്‍ നടത്തുന്ന മത്സരം ഭരണഘടനാ വിരുദ്ധവും അബ്കാരി നിയമങ്ങളുടെ ലംഘനവുമാണെന്ന് പരാതി. മത്സരത്തില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണമെന്ന് ആവശ്യപ്പെട്ട് പാലാ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
ഭരണഘടനയുടെ അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ബ്രാന്‍ഡ് മദ്യം വിപണിയിലിറക്കുന്നത് ഈ ഭരണഘടനാ തത്വത്തിന് വിരുദ്ധമാണ്.
കൂടാതെ, കേരള അബ്കാരി ആക്ട് (1077) പ്രകാരം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ കുറ്റകരമാണ്. വകുപ്പ് 55 എച്ച് അനുസരിച്ച് പരോക്ഷമായ പരസ്യങ്ങളും അനുവദനീയമല്ല. ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഈ മത്സരം പൊതുജനങ്ങളെ മദ്യം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും പരോക്ഷമായ ഒരു പരസ്യവുമാണെന്ന് ഫൗണ്ടേഷന്‍ ആരോപിക്കുന്നു.
പ്രൊഹിബിഷന്‍ ആക്ട് പ്രകാരം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത് കുറ്റകരമായതിനാല്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ബോധ്യമുള്ളതിനാലാണ് കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മത്സരത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കാത്തതെന്നും എബി ജെ. ജോസ് ആരോപിച്ചു.
2007-ല്‍ ‘വൈകിട്ടെന്താ പരിപാടി’ എന്ന ടാഗ്ലൈനോടെ നടന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട മദ്യപ്പരസ്യത്തിനെതിരെ എബി ജെ. ജോസ് നടത്തിയ നിയമപോരാട്ടം വലിയ വാര്‍ത്തയായിരുന്നു. അന്നത്തെ പരാതിയെത്തുടര്‍ന്ന് ‘ഒറിജിനല്‍ ചോയ്സ്’ എന്ന ബ്രാന്‍ഡിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരുന്നു. സമാനമായ രീതിയില്‍ ഈ ലോഗോ മത്സരവും നിയമത്തിന് മുന്നില്‍ അസാധുവാകുമെന്നാണ് ഫൗണ്ടേഷന്റെ നിലപാട്.