ബെവ്കോ ആപ്പ്: സർക്കാർ ആപ്പിലായെന്ന് വി.ഡി.സതീശന്‍; 70 ശതമാനം ടോക്കണുകളും ബാറുകള്‍ക്ക്

Jaihind News Bureau
Friday, May 29, 2020

മദ്യവിതരണത്തിനായി ബെവ്‌കോയ്ക്ക് വേണ്ടി സർക്കാർ സ്വന്തം പാർട്ടിക്കാരനെക്കൊണ്ട് നിർമ്മിച്ച ആപ്പ് സർക്കാരിന് തന്നെ ആപ്പായെന്ന് വി.ഡി സതീശന്‍ എംഎല്‍എ. 70 ശതമാനം ടോക്കണുകളും ബാറുകള്‍ക്കാണ് നല്‍കിയതെന്നും ടോക്കണില്ലാതെയും പല ബാറുകളിലും മദ്യവില്‍പന നടത്തിയെന്നും അദ്ദേഹം പറയുന്നു. ബെവ്കോയില്‍ ആളില്ലാതാവുകയും ബാറുകളില്‍ വില കൂടിയ മദ്യം മാത്രം വില്‍ക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. പാര്‍ട്ടിക്കാരെ തന്നെ ആപ്പ് ഏല്‍പ്പിച്ചപ്പോള്‍ അത് സര്‍ക്കാരിന് തന്നെ തിരിഞ്ഞു കേറുന്ന ആപ്പായിരിക്കും എന്ന് വിചാരിച്ചില്ലെന്നും വി.ഡി സതീശന്‍ എംഎല്‍എ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

ബെവ്കോ ആപ്പ്: സർക്കാർ ആപ്പിലായി. 29 കമ്പനികൾ വന്നിട്ടും ചിലർ സൗജന്യമായി സർവ്വീസ് നൽകാമെന്ന് പറഞ്ഞിട്ടും സഖാവിന് തന്നെയേ ഇത് കൊടുക്കുകയുള്ളൂവെന്ന് തീരുമാനിച്ചാൽ ഇതും ഇതിലപ്പുറവും സംഭവിക്കും. കൊല്ലത്ത് ബുക്ക് ചെയ്തവന് കൊട്ടാരക്കരയിലെ ബാറിലും തൃശൂരിൽ ആവശ്യപ്പെട്ടയാൾക്ക് ചാലക്കുടിയിലെ ബാറിലുമാണ് കിട്ടിയതെങ്കിലും ആപ്പുകാരൻ മൂന്ന് നാല് കാര്യങ്ങൾ ഉറപ്പു വരുത്തിയെന്ന് സമ്മതിക്കാതെ വയ്യ.

1. ടോക്കൺ കിട്ടിയത് 70 ശതമാനം ബാറുകളിലും 30 ശതമാനം മാത്രം ബെവ്കോ ഔട്ട് ലെറ്റുകളിലും.
2. ബാറുകളിലെ സ്റ്റോക്ക് മുഴുവൻ തീരുന്നു. ബെവ്കോയിൽ തുച്ഛമായ വിൽപ്പന മാത്രം.
3. പാവപ്പെട്ട ചിലർക്ക് ടോക്കൺ കിട്ടിയത് ഫോർ സ്റ്റാർ ബാറിലും ഫൈവ് സ്റ്റാർ ബാറിലും. അവിടെ പലസ്ഥലത്തും നാലായിരം രൂപയിൽ താഴെ വിലയുള്ള മദ്യമില്ല. എന്തായാലും അതെല്ലാം വിറ്റു പോയി.
4. ടോക്കണില്ലാതെയും ബാറുകളിൽ മദ്യവിൽപ്പന.
5. ടോക്കണുകൾ 70 ശതമാനവും ബാറുകളിൽ കൊടുത്തത് കൊണ്ട് അവിടെ നീണ്ട ക്യൂ. ബെവ്കോയിൽ ആളില്ല. ഈ ആപ്പില്ലായിരുന്നുവെങ്കിൽ മര്യാദക്ക് ആളുകൾ ക്യൂ നിന്ന് സാധനം വാങ്ങി വീട്ടിൽ പോകുമായിരുന്നു.
പാർട്ടിക്കാരെ തന്നെ ആപ്പ് ഏൽപ്പിച്ചപ്പോൾ അത് സർക്കാരിന് തന്നെ തിരിഞ്ഞു കേറുന്ന ആപ്പായിരിക്കും എന്ന് വിചാരിച്ചില്ല.