‘കാലുറയ്ക്കാതെ’ ബെവ് ക്യു; ഒഴിവാക്കി തടിയൂരാനൊരുങ്ങി സര്‍ക്കാര്‍

Jaihind News Bureau
Friday, May 29, 2020

 

സംസ്ഥാനത്ത് മദ്യം ഓണ്‍ലെനില്‍ വില്‍ക്കുന്നതിനായുള്ള ബെവ് ക്യു ആപ്പ് ഒഴിവാക്കിയേക്കുമെന്ന് സൂചന. ആപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ആപ്പിനെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നുവരുന്നത്. ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവ് വരുന്നതിനെതിരെ ബെവ്‌കോ അധികൃതരും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നു.

ആപ്പ് നിര്‍മ്മാണത്തിനായി ഇടതു സഹയാത്രികന്റെ കമ്പനിക്ക് കരാര്‍ നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ രംഗത്തെത്തിയിരുന്നു. ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത  കമ്പനിക്ക് എങ്ങനെ ഇത്തരമൊരു കരാര്‍ ലഭിച്ചുവെന്ന് ഐടി രംഗത്തെ വിദഗ്ധരും ചോദിക്കുന്നു.  ഇതോടെ  2019-ല്‍ ആരംഭിച്ച  ഫെയര്‍കോഡ് ടെക്‌നോളജീസ് എന്ന കമ്പനി രാഷ്ട്രീയ പിന്‍ബലത്തിന്റെ മറവിലാണ്  ടെന്‍ഡര്‍ തട്ടിയെടുത്തതെന്ന ആരോപണവും ശക്തമാകുകയാണ്.

ആപ്പിന്റെ കാര്യക്ഷമത പോലും വേണ്ട രീതിയില്‍ പരിശോധിച്ചിട്ടുണ്ടോയെന്ന സംശയവും ഉയരുന്നു. തിരക്ക് നിയന്ത്രിക്കാനാണ് ആപ്പ് ഉണ്ടാക്കിയത്. എന്നാല്‍ ബാറുകളുടെയും ബിവറേജസിന്റെയും മുന്‍പില്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടുകയാണ്. സാമൂഹിക അകലം പാലിക്കാന്‍ പോലും കഴിയാത്ത വിധം നീണ്ട ക്യുവാണ് എല്ലായിടത്തും. മിക്ക സ്ഥലത്തും ക്യൂആര്‍കോഡ് പരിശോധിക്കാനുള്ള സംവിധാനങ്ങളില്ല. ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഹോട്ടലുകളിലെ ബാറുകളില്‍ പോലും മദ്യവില്‍പന നടക്കുന്നുണ്ട്.

അതിനിടെ സംസ്ഥാനത്ത് മദ്യ വില്‍പ്പനക്കുള്ള ഓണ്‍ലൈന്‍ ആപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോള്‍ സര്‍ക്കാര്‍ മദ്യ ലോബിയെ സഹായിക്കുന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപണം. മദ്യത്തിനായി ബുക്ക് ചെയ്തവര്‍ക്ക് ബിവറേജസ് ഔട്ട് ലെറ്റുകള്‍ ടോക്കണ്‍ നല്‍കുന്നില്ലെന്ന് പരാതി ഉയരുന്നു. ബുക്ക് ചെയ്യുന്ന ഭൂരിപക്ഷം പേര്‍ക്കും ടോക്കണ്‍ ലഭിച്ചത് ബാറുകളിലേക്കാണ്. ഇത് സ്വകാര്യ ബാര്‍ ഉടമകളെ സഹായിക്കാനാണ് എന്ന സംശയമാണ് ഉയരുന്നത്.