ദിദി മോദി പോര്: ബംഗാളില്‍ അറസ്റ്റിലായ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കുരുക്കിലായേക്കും

Jaihind Webdesk
Sunday, February 3, 2019

കൊല്‍ക്കത്തയില്‍ ശാരദാ ചിട്ടി ഫണ്ട് കേസുമായി പോലീസ് കമ്മീഷണറുടെ വീട് പരിശോധനക്കെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വീട് റെയ്ഡിനെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് കോടതിയില്‍ തിരിച്ചടിയുണ്ടായേക്കുമെന്ന് നിയമവിദ്ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്മീഷണര്‍ അറസ്റ്റ് ചെയ്യാനാകില്ലെന്ന് നിയമം നിലനില്‍ക്കുന്നതിനിടെയായിരുന്നു സി.ബി.ഐ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ച് കടന്ന് അറസ്റ്റിന് മുതിര്‍ന്നത്.

സംസ്ഥാന – കേന്ദ്ര ബന്ധങ്ങള്‍ സംബന്ധിച്ച അധികാര പരിധിയെ സംബന്ധിച്ച് ക്രിത്യമായ നിര്‍വചനം നിലനില്‍ക്കുന്നതിനിടെയായിരുന്നു കേന്ദ്ര ഏജന്‍സിയായ സി.ബി.ഐയുടെ നടപടി. പോലീസ് തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍, കോടതി തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തിന്റെ അധികാരപരിധിയെ മാനിക്കാത്ത നീക്കങ്ങളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് ആരോപിച്ച് മറ്റ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുകയാണ്.

സംസ്ഥാനത്തിനുമേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റമാണ് സി.ബി.ഐയെ ഉപയോഗിച്ച് നടക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇതിനോട് പ്രതികരിച്ചു. മതിയായ രേഖകളില്ലാതെയാണ് സി.ബി.ഐ പരിശോധനക്കെത്തിയത്. മോദിയും അമിത്ഷായും ബംഗാളിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. അജിത് ഡോവലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സി.ബി.ഐ സംസ്ഥാനത്തിനെതിരെ പ്രതികരിക്കുന്നത് മമത പറഞ്ഞു. കൊല്‍ക്കത്തയിലെ സി.ബി.ഐ ഓഫീസ് പോലീസ് വളഞ്ഞിരിക്കുകയാണ്. സി.ബി.ഐ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ സേവനം തേടാനുള്ള നീക്കത്തിലാണ്. ഇന്ന് രാത്രിതന്നെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി.ബി.ഐ ഡയറക്ടര്‍ ഡല്‍ഹിയിലെത്തി ചുമതലയേറ്റെടുക്കും.