പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി

കൊല്‍ക്കത്ത : പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ട് റിട്ടയേഡ് ജസ്റ്റിസുമാരടങ്ങുന്ന കമ്മീഷനെ  അന്വേഷണത്തിനായി നിയോഗിച്ചു. ചോര്‍ത്തല്‍ വിവരം പുറത്തുവന്ന് ഇത്രയും ദിവസമായിട്ടും കേന്ദ്രം നിഷ്‌ക്രിയമാണെന്നും അതിനാലാണ് സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഈ മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ബി ലോകുര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. മമതയുടെ അനന്തരവനും തൃണമൂല്‍ എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണും ചോര്‍ത്തപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ ഭയന്ന് തനിക്ക് മറ്റ് നേതാക്കളോട് സംസാരിക്കാന്‍ പോലും ഭയമുണ്ടെന്ന് മമതാ ബാനർജി പറഞ്ഞു.  നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തുള്ള നേതാക്കളെ നിരന്തരം ആക്രമിക്കുന്നതായും മമത പറഞ്ഞു.

മാധ്യമങ്ങളും ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും ജനാധിപത്യത്തിന്‍റെ വക്താക്കളാണ്. പെഗാസസ് ഇവരെയെല്ലാം ലക്ഷ്യം വെച്ചിരിക്കുകയാണെന്നും ഇത് രാജ്യത്തിന് ഭീഷണിയാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണുകളാണ് പെഗാസസ് ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

Comments (0)
Add Comment