കെ.എന്‍ ബാലഗോപാലിന് മുഖം മിനുക്കാന്‍ പ്രസ് സെക്രട്ടറി; 1.23 ലക്ഷം മാസശമ്പളം

Jaihind Webdesk
Wednesday, December 27, 2023


സാമ്പത്തികപ്രതിസന്ധിയില്‍ നിറംമങ്ങിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മുഖം മിനുക്കാന്‍ പ്രസ് സെക്രട്ടറിയെ നിയമിച്ച് ധനവകുപ്പ്. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ജി.രാജേഷ് കുമാറിനെയാണ് ബാലഗോപാല്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചത്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി റാങ്കിലാണ് നിയമനം. 1,23,700 രൂപയായിരിക്കും ശമ്പളം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന മന്ത്രിയാണ് ബാലഗോപാല്‍. പ്രസ് സെക്രട്ടറിയുടെ കീഴില്‍ സോഷ്യല്‍ മീഡിയ ടീമിനെ നിയമിക്കാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയ്ക്ക് നിലവില്‍ ഈ സംവിധാനമുണ്ട്. ലക്ഷങ്ങളാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ മാനേജ്‌മെന്റിനായി പൊടിപ്പൊടിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാന്‍ ബാലഗോപാലിന് ആകുന്നില്ല. 4 മാസത്തെ ക്ഷേമ പെന്‍ഷനാണ് കൊടുക്കാനുള്ളത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബാലഗോപാല്‍ മന്ത്രിയായതിന് ശേഷം ഡി.എ കൊടുത്തിട്ടില്ല. 18 ശതമാനമാണ് ഡി.എ കുടിശിക. ആശ്വാസ കിരണം പെന്‍ഷന്‍ കൊടുത്തിട്ട് 2 വര്‍ഷമായി. 3 ലക്ഷം പേര്‍ക്ക് കെട്ടിട നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ ഒന്നര വര്‍ഷമായി കൊടുക്കുന്നില്ല. ബസ് ചാര്‍ജ്, കറന്റ് ചാര്‍ജ്, വെള്ളക്കരം, ഭൂനികുതി തുടങ്ങി എല്ലാം ഇരട്ടിയാക്കി. പെന്‍ഷന്‍ കൊടുക്കാന്‍ മദ്യത്തിന് സെസും ചുമത്തി.