‘ബാഗ് മറന്നു, പിന്നീട് യുഎഇയില്‍ എത്തിച്ചു’; മുഖ്യമന്ത്രിയുടെ വാദം പൊളിച്ച് ശിവശങ്കറിന്‍റെ മൊഴി

Jaihind Webdesk
Tuesday, June 28, 2022

തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധുപ്പെട്ട ഡോളർ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ മൊഴി. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഒരു ബാഗ് കൊണ്ടുപോകാൻ മറന്നിരുന്നുവെന്നും പിന്നീട് ഇത് കോണ്‍സുല്‍ ജനറലിന്‍റെ സഹായത്തോടെ എത്തിച്ചെന്നുമുള്ള ശിവശങ്കറിന്‍റെ മൊഴിയാണ് മുഖ്യമന്ത്രിയെ തീർത്തും വെട്ടിലാക്കിയത്. ബാഗേജ് ഒന്നും മറന്നിരുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞത്.

എം ശിവശങ്കർ  കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. അതിഥികൾക്കുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗ് ആണ് മറന്നത് എന്നാണ് ശിവശങ്കറിന്‍റെ മൊഴി. ഇത് പിന്നീട് എത്തിച്ചത് കോൺസൽ ജനറലിന്‍റെ സഹായത്തോടെയായിരുന്നുവെന്നും ശിവശങ്കർ പറയുന്നു. സ്വപ്ന ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ നില പരുങ്ങലില്‍ ആവുന്നത്.

2016 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിനിടെ  കറൻസി കടത്തിയെന്നായിരുന്നു സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞത്. ഈ സമയം കറൻസിയടങ്ങിയ ഒരു ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ആദ്യമായി ശിവശങ്കറുമായി ബന്ധമുണ്ടാകുന്നത്. ബാഗ് മറന്നതും പിന്നീട് എത്തിച്ചതും ശരിയാണെന്ന് ശിവശങ്കറിന്‍റെ മൊഴിയിലുമുണ്ട്. എന്നാല്‍ ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞത്. ബാഗിന്‍റെ കാര്യത്തില്‍ സ്വപ്നയും ശിവശങ്കറും വെളിപ്പെടുത്തിയത് ഏറെക്കുറെ സമാനമായ കാര്യങ്ങളാണ്. ഇതാണ് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.