ഇടുക്കി എസ്.പി.ക്കെതിരെ കുരുക്കുകള്‍ മുറുകുന്നു; നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പുറമെ പഴയ കേസുകളും അന്വേഷണ പരിധിയിൽ

ഇടുക്കി എസ്.പി.ക്കെതിരെ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ തെളിവുകൾ നശിപ്പിക്കുവാൻ ശ്രമിച്ചെന്ന കേസിൽ ക്രൈം ബ്രാഞ്ചന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ പഴയ കേസുകളും അന്വേഷണ പരിധിയിൽ എത്തുന്നു. മകന്‍റെ വിവാഹത്തിന് മൂന്നു ദിവസം വധുവിന്‍റെ വീട്ടിൽ പോലീസിനെ ഡ്യൂട്ടിക്കിട്ടതും എസ്.പി.ഓഫീസിലെ ജീവനക്കാരൊന്നടങ്കം എസ്.പിയുടെ പീഡനത്തിനെതിരെ ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയും അന്വേഷിക്കുന്നു.

നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയിൽ പിഡനത്തിന് വിധേയനായി റിമാന്‍റ് പ്രതിയായിരുന്ന രാജ് കുമാർ കൊല്ലപ്പെട്ട കേസിലാണ് അന്വേഷണം ഇടുക്കി ജില്ലാ പോലീസ് മേധാവിയിലേക്ക് നീളുന്നത്. രാജ് കുമാറിന്‍റെ അനധികൃത കസ്റ്റഡിയും ഉരുട്ടലും അറിഞ്ഞിരുന്നിട്ടും തടഞ്ഞില്ല എന്നു മാത്രമല്ല തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണവും എസ്.പി.ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. കുമാറിൽനിന്നു കണ്ടെത്തിയ പണം പോലീസ് ചിലവാക്കിയതും അന്വേഷണത്തിൽ വരുന്നതിന് പുറമെയാണ് ഇടുക്കി എസ്.പി.യുടെ സമീപകാല പ്രവർത്തികളെ സംബന്ധിച്ചും അന്വേഷിക്കുന്നത്. എസ്.പി ഇടുക്കിയിൽ ചുമതല ഏറ്റതു മുതൽ ഉള്ള പീഡനത്തെക്കുറിച്ച് എസ്.പി.ഓഫീസിലെ ജീവനക്കാർ ഒന്നടങ്കം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നൽകിയ പരാതിയും അന്വേഷിക്കുന്നുണ്ട്. സി.പി.എം.നേതാവിനെപ്പോലെ പാർട്ടി തീരുമാനങ്ങൾ നടപ്പാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് എസ്.പി.യുടെതെന്നത് പകൽ പോലെ വ്യക്തമാണ്.

എസ്.പി.യുടെ മകന്‍റെ വിവാഹവും ഇപ്പോൾ വിവാദമായിരിക്കുകയാണ്. എറണാകുളത്ത് വിവാഹത്തോടനുബന്ധിച്ച് മകന്‍റെ വധുവിന്‍റെ വജ്രാഭരണങ്ങൾക്ക് കാവൽ നിൽക്കുവാൻ ഇടുക്കിയിൽ നിന്നും വനിതാ പോലീസുകാരി ഉൾപ്പെടെ നാലു പോലീസുകാരെ വധുവിന്‍റെ വീട്ടിൽ ഡ്യൂട്ടിക്കിട്ടത് സംബന്ധിച്ച കാര്യത്തിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും പാർട്ടി ബന്ധത്തിൽ അന്വേഷണം മുക്കിയതും ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണ് വിവരം.അതേസമയം പീരുമേട്ടിൽ കേസുള്ള എസ്റ്റേറ്റ് മുതലാളിയുടെ വീട്ടിൽ തങ്ങിയതുൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ എസ്.പി.യെ സംരക്ഷിക്കേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ സി.പി.എം ജില്ലാ നേതൃത്വത്തിന്‍റേത്. കഴിഞ്ഞ ദിവസം വരെ എസ്.പി.യെ ന്യായീകരിച്ച് പ്രസ്ഥാവന ഇറക്കിയ സി.പി.എം. ഇപ്പോൾ പിൻവലിഞ്ഞിരിക്കുകയാണ്. നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലയ്ക്ക് പിന്നാമ്പുറത്ത് നിന്നു നേതൃത്വം നൽകി എന്ന നിലയിലാണ് ഇടുക്കി എസ്.പി.ക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Nedumkandam custody murder case
Comments (0)
Add Comment