സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് ഉയർത്തും : ബസ് ചാർജും കൂട്ടും

Jaihind Webdesk
Tuesday, March 22, 2022

Auto Taxi

സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ തീരുമാനം .ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഈ മാസം 30ന് ചേരുന്ന ഇടതു മുന്നണി യോഗം വിഷയം ചര്‍ച്ച ചെയ്യും.

മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പലതവണ ചര്‍ച്ച ചെയ്‌തെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ടാണ് നിരക്ക് വര്‍ധന പ്രഖ്യാപനം വൈകുന്നത്. കണ്‍സഷന്‍ നിരക്ക് 6 രൂപ ബസുടമകള്‍ ആവശ്യപ്പെട്ടപ്പോള്‍, 5 രൂപയായി ഉയര്‍ത്തണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കാമെന്ന് സര്‍ക്കാരും നിര്‍ദേശം വച്ചു. എന്നാല്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ നിലപാട്. എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കാനാണ് ഗതാഗത മന്ത്രിയുടെ ശ്രമം. അതുവരെ സ്വകാര്യ ബസുടമകളോട് സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടേക്കും.

ഓട്ടോ-ടാക്‌സി നിരക്കിന്‍റെ കാര്യത്തിലും വേഗത്തില്‍ തീരുമാനം വേണമെന്ന് തൊഴിലാളി സംഘടനകള്‍ സമ്മര്‍ദം ചെലുത്തുകയാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. നിലവില്‍ 25 രൂപ മിനിമം ചാര്‍ജുള്ള ഓട്ടോ നിരക്ക് 30 രൂപ ആക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്. ടാക്‌സി മിനിമം ചാര്‍ജ് 210 ഉം 240 ഉം ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ദ്ധനയില്‍ അന്തിമ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ നീക്കം