കിഴക്കമ്പലത്ത് കലാപസമാന അന്തരീക്ഷം: പൊലീസുകാരെ ആക്രമിച്ചു, ജീപ്പ് കത്തിച്ചു; കിറ്റെക്സ് കമ്പനിയിലെ 150 അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍

 

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് കിറ്റെക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികള്‍ പൊലീസുകാരെ ആക്രമിച്ചു. ആക്രമണത്തില്‍ കുന്നത്താട് സിഐ ഉള്‍പ്പടെ അഞ്ച് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമികള്‍ ഒരു പൊലീസ് വാഹനം കത്തിക്കുകയും രണ്ടെണ്ണം എറിഞ്ഞ് തകർക്കുകയും ചെയ്തു. ക്രിസ്മസ് കരോള്‍ നടത്തിയത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമികളിൽ ചിലരെ പുലർച്ചെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് മദ്യലഹരിയില്‍ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ച് അന്വേഷിക്കാനെത്തിയ പൊലീസുകാർക്കെതിരെ തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.  പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച അക്രമികള്‍ കൺട്രോൾ റൂം വാഹനം അടിച്ചുതകർക്കുകയും ചെയ്തു. കുന്നത്തുനാട് ഇൻസ്പെക്ടർ വിടി ഷാജനടക്കം 5 പേർക്ക് പരിക്കേറ്റു. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരുടെ സഹായത്തോടെയാണ് ആദ്യം എത്തിയ പൊലീസുകാരെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Comments (0)
Add Comment