ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് ഭരണഘടനാപരമായ ജനാധിപത്യ അവശകാശം നിഷേധിച്ചപ്പോള്‍ കള്ളവോട്ടിനെതിരേ ഉറച്ച നിലപാടെടുത്ത ഷാര്‍ലറ്റിന്‍റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റ് പിലാത്തറ പൂത്തുരിലെ വി.ടി.വി പത്മനാഭന്‍റെയും വീടുകള്‍ക്കു നേരെ സി.പി.എം അക്രമികള്‍ ബോംബെറിഞ്ഞ സംഭവം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഷാര്‍ലറ്റിന്‍റെയും പത്മനാഭന്‍റെയും വീടുനേരെ ബോംബെറിഞ്ഞ് ഇരുവരെയും വകവരുത്താന്‍ ശ്രമിച്ച സിപിഎം നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബോംബെറിഞ്ഞ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണ് ഷാര്‍ലറ്റിന്‍റെ വീടുനേരെ നടന്ന ബോംബേറെന്നും ഷാര്‍ലറ്റിനും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പോലീസിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരും അവരുടെ കയ്യാളുകളായ തെരഞ്ഞെടുപ്പ് ചുമതലുള്ള ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പ്രകിയയെ അട്ടിമറിച്ചതിനാലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റീപോളീംഗ് നടത്തേണ്ടി വന്നത്. ഷാര്‍ലറ്റിന് ഒരു പോറലേറ്റാല്‍ അതിന്‍റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സി.പി.എം ഓര്‍ക്കുന്നത് നന്ന്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ സി.പി.എം കാട്ടുനീതി നടപ്പിലാക്കുകയാണ്. ഇത് കേരളത്തിനാകമാനം നാണക്കേടാണ്. ഇനിയെങ്കിലും സി.പി.എം തെറ്റുതിരുത്താന്‍ തയ്യാറാകണം. സി.പി.എമ്മിന്‍റെ പ്രാകൃത സമീപനങ്ങളുടെ ഫലമായാണ് പഞ്ചിമബംഗാളില്‍ സി.പി.എം. നിലംപൊത്തിയതെന്നും വരും നാളുകളില്‍ കേരളത്തിലും സി.പി.എമ്മിന്‍റെ അവസ്ഥ ഇതുതന്നെയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.