‘മത്സ്യത്തൊഴിലാളിയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവം കേരളത്തിന് അപമാനം’ ; സഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ; മറുപടി പറയാതെ ആരോഗ്യമന്ത്രി

Jaihind Webdesk
Wednesday, August 11, 2021

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളി സ്ത്രീയുടെ മീന്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സംഭവത്തില്‍ ആരോഗ്യമന്ത്രി മറുപടി പറയാത്തതിനെതിരെയായിരുന്നു പ്രതിഷേധം. എം.വിന്‍സെന്‍റ് എംഎല്‍എയാണ് ഇക്കാര്യം ചോദ്യമായി ഉന്നയിച്ചത്. സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ മന്ത്രി പയറഞ്ഞാഴി എന്ന് പറയുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ആറ്റിങ്ങലിലാണ്  മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാർ വലിച്ചെറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോണ്‍സ വില്‍പ്പനയ്ക്കു വച്ചിരുന്ന മീനാണ് ജീവനക്കാര്‍ തട്ടിയെറിഞ്ഞത്. ജീവനക്കാരെ തടയുന്നതിനിടെ അല്‍ഫോണ്‍സയ്ക്ക് റോഡില്‍ വീണ് പരിക്കേറ്റിരുന്നു. അഞ്ചംഗ കുടുംബത്തിന് ഉപജീവനം കണ്ടത്താനാണ് കച്ചവടമെന്നും അധികൃതരുടെ നടപടി ജീവതം വഴിമുട്ടിച്ചെന്നും അല്‍ഫോണ്‍സ പറഞ്ഞു. പ്രതികരിച്ച നാട്ടുകാരേയും കച്ചവടക്കാരേയും ജീവനക്കാർ കയ്യേറ്റം ചെയ്‌തു.