‘യു.പി സർക്കാർ വേട്ടയാടുന്നു ; രാജസ്ഥാനിലേക്ക് മാറിയത് പ്രിയങ്കാ ഗാന്ധി നല്‍കിയ ഉറപ്പില്‍ ; കോണ്‍ഗ്രസ് സർക്കാരിന് കീഴില്‍ സുരക്ഷിതരായിരിക്കുമെന്ന് വിശ്വാസമുണ്ട്’ : ഡോ. കഫീല്‍ ഖാന്‍

Jaihind News Bureau
Friday, September 4, 2020

ജയ്പൂര്‍ : രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് യു.പി സർക്കാർ കള്ളക്കേസില്‍ കുടുക്കിയ ഡോ. കഫീല്‍ ഖാന്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും പ്രിയങ്ക നല്‍കിയ ഉറപ്പിന്‍റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. യു.പി സർക്കാർ ഇനിയും ദ്രോഹിക്കാന്‍ സാധ്യതയുണ്ടെന്നത് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പ്രിയങ്കാ ഗാന്ധി നിർദേശിച്ചത്.

‘പ്രിയങ്കാ ഗാന്ധി എന്നെ വിളിച്ചിരുന്നു. എന്നോട് രാജസ്ഥാനില്‍ വന്ന് താമസിക്കാന്‍ പറഞ്ഞു. സുരക്ഷിതമായ ഒരിടം രാജസ്ഥാനില്‍ നല്‍കാമെന്ന് ഉറപ്പ് തന്നു. യു.പി സര്‍ക്കാര്‍ എന്നെ മറ്റേതെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ക്ക് ഭീതിയുണ്ട്. ഉത്തര്‍പ്രദേശില്‍ നില്‍ക്കുന്നത് സുരക്ഷിതമായിരിക്കില്ല.  അതുകൊണ്ടുതന്നെ യു.പിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇവിടെ സുരക്ഷിതനായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ – കഫീല്‍ ഖാന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഢ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്‍റെ നോട്ടപ്പുള്ളിയായത്. തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ വീണ്ടും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 10 ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു. അതേസമയം കഫീല്‍ ഖാന്‍റെ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിക്കാനായിരുന്നില്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്. യാതൊരു തെളിവുമില്ലാതെ നിയമവിരുദ്ധമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയതെന്ന് കഫീല്‍ ഖാന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചെന്നും കോടതി നിരീക്ഷിച്ചിരുന്നു. കഫീല്‍ ഖാനെ കുറ്റക്കാരനാക്കിയ ജില്ലാ മജിസ്ട്രേറ്റിന്‍റെ നടപടിയേയും കോടതി വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ ഒന്നാം തീയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഏഴര മാസക്കാലം മാനസികവും  ശാരീരികവുമായ പീഡനം അനുഭവിച്ചിട്ടുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ കഫീല്‍ ഖാന്‍ താനും തന്‍റെ കുടുംബവും രാജസ്ഥാനില്‍ സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും വ്യക്തമാക്കി.