ചാമ്പ്യൻസ് ട്രോഫിയിലെ തോൽവിക്ക് ഇന്ത്യയുടെ മധുരപ്രതികാരം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. 163 റൺസ് വിജയലക്ഷ്യം 21 ഓവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഇതോടെ പ്രാഥമിക ഘട്ടത്തിലെ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു.
പതിവ് പോരാട്ടത്തിന്റെ ചൂടുംചൂരുമില്ലാതിരുന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ പാകിസ്ഥാന് സാധിച്ചില്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലുമെല്ലാം ഇന്ത്യയാണ് മികച്ചുനിന്നത്.
ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായി. തുടർന്ന് ഷൊയ്ബ് മാലിക്കും (43) ബാബർ അസമും (47) ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചു. 43.1 ഓവറില്‍ 162 റണ്‍സിന് പാകിസ്ഥാന്‍റെ എല്ലാ ബാറ്റ്സ്മാന്‍മാരെയും ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കൂടുതൽ സമ്മർദത്തിലാകാതെ തന്നെ ബാറ്റ് വീശി
52 റൺസെടുത്ത രോഹിത് ശർമയും 46 റൺസെടുത്ത ശിഖർ ധവാനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഇന്ത്യ ലക്ഷ്യത്തിലെത്തുമ്പോൾ 31 റൺസ് വീതമെടുത്ത അമ്പാട്ടി റായിഡുവും ദിനേഷ് കാർത്തിക്കും പുറത്താകാതെ നിൽക്കുകയായിരുന്നു. ഞായറാഴ്ച സൂപ്പർ ഫോറിൽ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും.