ഏഷ്യാകപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് ബംഗ്ലാദേശ് ഫൈനലില്‍

Jaihind News Bureau
Thursday, September 27, 2018

ഏഷ്യാകപ്പിലെ നിർണായക പോരാട്ടത്തിൽ പാകിസ്ഥാനെ 37 റൺസിന് തകർത്ത് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ഫൈനലിൽ. ബംഗ്ലാദേശ് ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ 202 റൺസ് നേടാനെ സാധിച്ചുള്ളു. നാളെ നടക്കുന്ന ഫൈനലിൽ ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റുമുട്ടും.



ഷഹദ് ഖാന്‍റെ പുറത്താകല്‍ ആഘോഷിക്കുന്ന സൗമ്യസര്‍ക്കാര്‍

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്വപ്നഫൈനലിന് കാത്തിരുന്ന ക്രിക്കറ്റ് പ്രേമികൾക്കു നിരാശയായിരുന്നു ഫലം. സെമി ഫൈനലിനു തുല്യമായ അവസാന സൂപ്പർ ഫോർ മൽസരത്തിൽ പാകിസ്ഥാനെ 37 റൺസിന് തകർത്ത് ബംഗ്ലാദേശ് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.

പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറിൽ 239 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബൗളിംഗില്‍ തുടക്കം മുതൽ ആഞ്ഞടിച്ച ബംഗ്ലാദേശ് പാകിസ്ഥാനെ സമ്മർദത്തിലാക്കി. മൂന്നിന് 18 റൺസെന്ന നിലയിലേക്ക് വീണ പാകിസ്ഥാന് പിന്നീടൊരിക്കലും കരകയറാനായില്ല. ഒമ്പത് വിക്കറ്റിന് 202 റൺസെടുത്ത് പാകിസ്ഥാൻ പോരാട്ടമവസാനിപ്പിക്കുകയായിരുന്നു.

ഓപ്പണർ ഇമാമുൾ ഹഖിന്റെ (83) ഇന്നിംഗ്സ് പാകിസ്ഥാനെ ജയം സ്വപ്നം കാണാൻ പ്രേരിപ്പിച്ചെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ആസിഫ് അലി (31), ശുഐബ് മാലിക്ക് (30) എന്നിവർ മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. നാല് വിക്കറ്റെടുത്ത മുസ്തഫിസുർ റഹ്മാനാണ് പാകിസ്ഥാന്‍റെ അന്തകനായത്. മെഹ്ദി ഹസന് രണ്ടു വിക്കറ്റ് ലഭിച്ചു.

ഫാഖര്‍ സമാന്‍റെ വിക്കറ്റ് ആഘോഷിക്കുന്ന ബംഗ്ലാദേശ് ടീം

നേരത്തേ മുഷ്ഫിഖുർ റഹീം , മുഹമ്മദ് മിതുൻ എന്നിവരുടെ ഇന്നിംഗ്സുകളാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 116 പന്തിൽ ഒമ്പത് ബൗണ്ടറികളുൾപ്പെട്ടതായിരുന്നു മുഷ്ഫിഖുറിന്റെ ഇന്നിംഗ്സ്. 84 പന്തിൽ നാല് ബൗണ്ടറികളോടെയാണ് മിതുൻ 60 റൺസെടുത്തത്. മഹമ്മുദുള്ളയാണ് 20ന് മുകളിൽ സ്‌കോർ ചെയ്ത മറ്റൊരു താരം.

പാകിസ്ഥാന് വേണ്ടി ജുനൈദ് ഖാൻ നാല് വിക്കറ്റുമായി തിളങ്ങിയപ്പോൾ ഷാഹിൻ അഫ്രീദിക്കും ഹസൻ അലിക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. കൈവിരലിനേറ്റ പൊട്ടലിനെ തുടർന്ന് മുൻ ക്യാപ്റ്റനും സൂപ്പർ ഓൾറൗണ്ടറുമായ ഷാക്കിബുള്‍ ഹസന്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ഇറങ്ങിയത്. പകരം മൊമിനുൾ ടീമിലെത്തി. പാക് ടീമിൽ മുഹമ്മദ് ആമിറിനു്പകരം ജുനൈദ് ഖാൻ ഇടം നേടി. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യയാണ് ബംഗ്ലാദേശിന്‍റെ എതിരാളികള്‍.