അശോക് ഗെലോട്ട് അഥവാ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ മാന്ത്രികന്‍

Jaihind News Bureau
Friday, December 14, 2018

‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയില്ലായിരുന്നുവെങ്കില്‍ ഒരു മാന്ത്രികന്‍ ആകുമായിരുന്നു. സാമൂഹിക പ്രവര്‍ത്തനവും മാന്ത്രിക വിദ്യകള്‍ പഠിക്കുന്നതിലുമായിരുന്നു എന്റെ താല്‍പര്യം. പിന്നീട് ഭാവിയിലും അതുതന്നെ സംഭവിച്ചു. ഞാനൊരു മുഴുസമയ മജീഷ്യന്‍ ആയില്ലായിരിക്കാം.. പക്ഷേ എന്റെ ആത്മാവില്‍ എപ്പോഴും മാന്ത്രികവിദ്യകളുണ്ട്’ ഒരു അഭിമുഖത്തില്‍ അശോക് ഗെലോട്ട് പറഞ്ഞതാണ് ഇത്. അതേ ഒരു മാന്ത്രികനായ അച്ഛന്റെ മകനായി പിറന്നതുകൊണ്ടുതന്നനെയായിരിക്കാം അശോക് ഗെലോട്ടിന്റെ രാഷ്ട്രീയ ജീവിതത്തിലൊക്കെയും ഒരു മായിക ഭാവമെന്ന് വിലയിരുത്തുന്നത്.

1971 ല്‍ ഇന്ദിരഗാന്ധിയുടെ രാഷ്ട്രീയ കണ്ടെത്തലായിരുന്നു അശോക് ഗെലോട്ട്. കിഴക്കന്‍ ബംഗാള്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശനവേളയില്‍ ഗെലോട്ടിനെ കാണുകയും സംഘാടക മികവുകണ്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ രാജസ്ഥാന്റെ ചുമതലയിലേക്ക് നിയമിക്കുകയുമായിരുന്നു. ഇതും ഒരു പ്രത്യേകത നിറഞ്ഞതായിരുന്നു. തന്നെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് എത്തിയത് ദില്ലി മുതല്‍ ജയ്പൂര്‍ വരെ ബൈക്കില്‍ കൊണ്ടെത്തിച്ചാണ്. അതിനുശേഷം ആ യുവാവ് രാജീവ് ഗാന്ധിയുടെയും ഇന്ന് രാഹുല്‍ഗാന്ധിയുടെയും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനും കാരണം മായികമാണെന്ന് എതിരാളികള്‍ പറയുന്നു.

‘രാജസ്ഥാന്റെ ഗാന്ധി’ എന്ന വിളിപ്പേരാണ് ഗെലോട്ടിന്. കാരണം ഈ മുന്‍ മുഖ്യമന്ത്രിയുടെ ലളിതമായ ജീവിതരീതിയും ജനപ്രതീയും കാരണംകൊണ്ടുതന്നെ.
ഇപ്പോള്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അശോക് ഗെലോട്ട് മുഖ്യമന്ത്രിയാവുകയാണ്. ഗെലോട്ട് ആദ്യമായി രാജസ്ഥാനില്‍ മുഖ്യമന്ത്രിപദത്തിലേറുന്നത് 1998-2003 കാലഘട്ടത്തിലായിരുന്നു. രണ്ടാംഘട്ടത്തില്‍ 2003 വരെ നീണ്ടു തന്റെ മുഖ്യമന്ത്രിപദവി. രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയെ നാലുപ്രാവശ്യം നയിച്ചു. ഇപ്പോള്‍ എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയാണ് പാര്‍ട്ടിയില്‍ വഹിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ജൈത്രയാത്രക്ക് ഭീഷണിയാകാന്‍ ഗെലോട്ടിന്റെ പലതീരുമാനങ്ങളും കാരണമായിട്ടുണ്ട്. കര്‍ണാടകയിലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷമുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് തടയിടാനായത് ഗുലാംനബി ആസാദിന്റെയും അശോക് ഗെലോട്ടിന്റെയും ഇടപെടലുകളായിരുന്നു.

1951 മെയ് മൂന്നിന് രാജസ്ഥാനിലെ ജോധ്പൂറിലാണ് ഗെലോട്ടിന്റെ ജനനം. നിയമത്തിലും ശാസ്ത്രത്തിലും ബിരുദം നേടിയ ഗെലോട്ട് സാമ്പത്തിക ശാസ്ത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടിയിട്ടുണ്ട്. രണ്ടുതവണ രാജസ്ഥാന്‍ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുള്ള ഗെലോട്ട്. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ രണ്ടു തവണയും പിവി നരസിംഗറാവു മന്ത്രിസഭയില്‍ ഒരു തവണയും അംഗമായിരുന്നു.മുമ്പ് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.[yop_poll id=2]