ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നിഷേധിച്ചു; പ്രോജക്ട് മാനേജരുടെ കസേരയില്‍ വാഴ വച്ച് പ്രതിഷേധം

Jaihind News Bureau
Saturday, March 29, 2025

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നിഷേധിച്ച നടപടിയ്‌ക്കെതിരേ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. ആലപ്പുഴ ജില്ലാ പ്രോജക്ട് മാനേജരുടെ ഓഫീസാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചത് . മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ജില്ലാ പ്രൊജക്ട് മനേജരുടെ ഓഫീസില്‍ വാഴ വച്ചു.സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആലപ്പുഴയില്‍ 146 ആശാ വര്‍ക്കര്‍മാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയമാണ് തടഞ്ഞുവച്ചത്. ഇന്നലെ ആശമാര്‍ ജില്ലാ പ്രൊജക്ട് മാനേജരെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.

ഉപരോധം നടക്കുന്ന സമയത്ത് പ്രോജക്ട് മാനേജര്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ല. പൊലിസ് എത്തി ചര്‍ച്ച നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല ജില്ലാ പ്രോജക്ട് മാനേജര്‍ എത്തി സംസാരിച്ചിട്ടും ഓണറേറിയം എപ്പോള്‍ നല്‍കും എന്ന് വ്യക്തമാക്കാതെ പിന്‍മാറുകയില്ല എന്ന നിലപാട് പ്രവര്‍ത്തകര്‍ സ്വീകരിച്ചു തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. എം പി . പ്രവീണ്‍, KSU ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് അടക്കമുള്ള പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി.