ആര്യാടന്‍റെ വിയോഗം തീരാനഷ്ടം, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ എതിർത്ത നേതാവ്: എ.കെ ആന്‍റണി

Jaihind Webdesk
Sunday, September 25, 2022

 

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. ആര്യാടൻ മുഹമ്മദിന്‍റെ വേർപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ കേരളത്തിന് മറക്കാൻ കഴിയില്ലെന്നും ആന്‍റണി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ശക്തമായി എതിർത്തിരുന്ന ആര്യാടന്‍റെ ശബ്ദം ഇന്നത്തെ കേരളത്തിൽ ഉറക്കെ മുഴങ്ങേണ്ടതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യാടന്‍റെ വിയോഗത്തിലുള്ള അഗാധമായ ദുഃഖം ആന്‍റണി രേഖപ്പെടുത്തി.

“വ്യക്തിപരമായി ഏറ്റവും ദുഃഖകരമായ സംഭവമാണ്. ഹൃദയബന്ധമുണ്ടായിരുന്ന ആത്മഹസുഹൃത്തിനെ നഷ്ടമായി. ആര്യാടന്റെ വേർപാട് എന്‍റെ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ബാപ്പുട്ടി (ആര്യാടൻ ഷൗക്കത്ത്) വാവിട്ട് കരഞ്ഞുകൗണ്ട് എന്നെ വിളിച്ച് പറഞ്ഞു വാപ്പ പോയി. ഞാൻ പറഞ്ഞു ബാപ്പുട്ടി, നിങ്ങൾക്ക് മാത്രമല്ല എനിക്കും എന്തോ വലിയ നഷ്ടമുണ്ടായിരിക്കുന്നു. ആര്യാടൻ കോൺഗ്രസിന് മാത്രമല്ല സംഭാവന ചെയ്തത്. കേരളത്തിൽ എന്നെല്ലാം എവിടെയെല്ലാം തീവ്രവാദം തലപൊക്കുന്നോ, അന്നെല്ലാം പ്രത്യാഘാതം നോക്കാതെ അതിനെതിരെ പറയുമായിരുന്നു. ഭൂരിപക്ഷ വർഗീയതേയും ന്യൂനപക്ഷ വർഗീയതേയും ഒരുപോലെ എതിർത്തു. അതാണ് ആര്യാടന്‍റെ പ്രത്യേകത. കോൺഗ്രസ് ഉയർത്തുന്ന ആദർശങ്ങൾക്ക് വേണ്ടി പട പൊരുതിയിരുന്ന നേതാവായിരുന്നു അദ്ദേഹം. കെഎസ്‌യു കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ആര്യാടൻ ഡിസിസി പ്രസിഡന്‍റാണ്. അന്ന് മുതൽ ഞങ്ങൾക്ക് സഹായങ്ങൾ ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. കാർഷിക തൊഴിലാളി ക്ഷേമ പെൻഷൻ കേരളത്തിൽ ആദ്യമായി ഏർപ്പെടുത്താൻ മുൻകൈയെടുത്തത് അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദാണ്’- എ.കെ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ 7.30നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്‍റെ വിയോഗം. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതോടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.