അരിതയുടെ പത്രിക സമർപ്പണത്തില്‍ സലീംകുമാറും ; കെട്ടിവയ്ക്കാനുള്ള തുക നല്‍കി താരം ; ആവേശമാക്കി പ്രവര്‍ത്തകര്‍

Jaihind News Bureau
Thursday, March 18, 2021

 

ആലപ്പുഴ : കായംകുളം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിന്റെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തില്‍ നടന്‍ സലീംകുമാറും. അരിതയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് സലീംകുമാറായിരുന്നു. പത്രികാസമര്‍പ്പണം പ്രവര്‍ത്തകര്‍ ആവേശമാക്കി. മുതുകുളം ബ്ലോക്ക് ഓഫീസിലാണ് അരിത പത്രിക സമര്‍പ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികൂടിയാണ് അരിത. 27 വയസുള്ള അരിത നിര്‍ധന കുടുംബത്തിലെ അംഗമാണ്. പശുവിനെ വളര്‍ത്തി പാല്‍വിതരണത്തിലൂടെയാണ് അരിതയും കുടുംബവും ജീവിക്കുന്നത്.

കെഎസ്‌യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 21ാം വയസില്‍ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ബി കോം ബിരുദധാരി കൂടിയാണ് അരിത.