നിയമന കത്ത് വിവാദം; യുഡിഎഫ് കൗൺസിലർമാർ നഗരസഭയില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു

Jaihind Webdesk
Thursday, December 15, 2022

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്നു. യുഡിഎഫ് കൗൺസിലർമാർ നഗരസഭാ മന്ദിരത്തിനു മുകളിലെ കൊടിമരത്തിൽ പോലീസ് വലയം ദേദിച്ചെത്തി കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

യുഡിഎഫിന്‍റെ അനിശ്ചിത കാല സത്യഗ്രഹ സമരത്തിൽ അണിചേർന്ന ശേഷമാണ് യുഡിഎഫ് കൗൺസിലർമാർ നഗരസഭാ മന്ദിരത്തിലേക്കു കടന്നു കരിങ്കൊടി പ്രതിഷേധമാരംഭിച്ചത്. നഗരസഭാ മന്ദിരത്തിനുള്ളിൽ ഇവർ ഏറെ നേരം പ്രതിഷേധ പ്രകടനം നടത്തി തുടർന്നു മേയറുടെ മുറിക്കു മുന്നിൽ കൗൺസിലർമാർ ഉപരോധം സൃഷ്ടിച്ചു.

ഇതിനിടയിലാണ് ആക്കുളം ഡിവിഷൻ കൗൺസിലർ സുരേഷ് കുമാറും വനിതാ കൗൺസിലർ മേരി പുഷ്പവും പോലീസ് വലയം ഭേദിച്ച് നഗരസഭാ മന്ദിരത്തിന്‍റെ മുകളിലത്തെ നിലയിലെ കൊടിമരത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചത്
അഴിമതിക്കാരിയായ മേയർ രാജിവയ്ക്കും വരെ അതിശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് കൗൺസിലർ സുരേഷ് കുമാർ പറഞ്ഞു.

നിയമന കത്ത് വിവാദ അന്വേഷണത്തെ അട്ടിമറിച്ച് സർക്കാരും സിപിഎമ്മും ഒത്തുകളി തുടരുമ്പോൾ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുവാനാണ് യുഡിഎഫും കോൺഗ്രസും പോഷക സംഘടനകളും തീരുമാനിച്ചിരിക്കുന്നത്