തണ്ടുലഞ്ഞ് താമര: ബി.ജെ.പിയോട് ഇടഞ്ഞ് ഘടകക്ഷികള്‍; അതൃപ്തി പ്രകടിപ്പിച്ച് അപ്നാദളും

Jaihind Webdesk
Saturday, December 29, 2018

ഉത്തര്‍പ്രദേശിലും ബി.ജെ.പിക്ക് കാലിടറുന്നു എന്നതിന്‍റെ വ്യക്തമായ സൂചന നല്‍കി ഘടകക്ഷികളുടെ പ്രതികരണം. ബി.ജെ.പിക്കെതിരെ എന്‍.ഡി.എയിലെ ഘടകക്ഷിയായ അപ്നാദള്‍ രംഗത്തെത്തി. പാര്‍ട്ടി അധ്യക്ഷന്‍ ആശിഷ് പട്ടേല്‍ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. എന്‍.ഡി.എ സഖ്യത്തിലെ ചെറുകക്ഷികളോട് ബി.ജെ.പി അവഗണനാ മനോഭാവമാണ് പുലര്‍ത്തുന്നതെന്നായിരുന്നു ആശിഷ് പട്ടേലിന്‍റെ വിമര്‍ശനം. തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി തയാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിര്‍സാപുറിലെ ഒരു പത്രസമ്മേളനത്തിനിടെയായിരുന്നു ആശിഷ് പട്ടേലിന്‍റെ വിമര്‍ശനം.

ഇതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രിയും ആശിഷ് പട്ടേലിന്‍റെ ഭാര്യയുമായ അനുപ്രിയാ പട്ടേലും രംഗത്തെത്തി. ഞങ്ങളുടെ പാര്‍ട്ടിയുടെ പൊതുവികാരം  പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഞാനും അതിനോട് പൂര്‍ണമായി അനുകൂലിക്കുന്നു എന്നായിരുന്നു അനുപ്രിയയുടെ പ്രതികരണം. ബി.ജെ.പിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രണ്ട് പരിപാടികള്‍ അനുപ്രിയ പട്ടേല്‍ ഒഴിവാക്കിയിരുന്നു.

മുന്നണിയില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് ആശിഷ് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നു. ചെറുകക്ഷികളെയും പരിഗണിക്കണമെന്നും ബഹുമാനം കിട്ടാതെ മുന്നണിയില്‍ തുടരാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കോണ്‍ഗ്രസിന്‍റെ കരുത്തും ജനസ്വീകാര്യതയും എന്‍.ഡി.എയിലെ ഘടകക്ഷികളുടെ കൊഴിഞ്ഞുപോക്കും ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നേറ്റ കനത്ത പരാജയത്തില്‍ അടിപതറിയ ബി.ജെ.പിക്ക് കൂടുതല്‍ തിരിച്ചടിയാവുകയാണ് മുന്നണിയിലെ അതൃപ്തരായ ഘടകക്ഷികളുടെ നിലപാട്. നേരത്തെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയും ടി.ഡി.പിയും എന്‍.ഡി.എ വിട്ടിരുന്നു.