സില്‍വർ ലൈനില്‍ സർക്കാർ ഒളിച്ചുകളിക്കുന്നു ; രേഖകള്‍ക്ക് വ്യക്തതയില്ല : അൻവർ സാദത്ത് എംഎല്‍എ

Jaihind Webdesk
Monday, February 28, 2022

തിരുവനന്തപുരം : 27-10-2021 ലെ മുഖ്യമന്ത്രിയോടുള്ള 3810-ാം നമ്പർ നിയമസഭാ ചോദ്യത്തിന്‍റെ മറുപടിയോടൊപ്പം സിൽവർലൈൻ പ്രൊജക്റ്റിന്‍റെ ഡിപിആർ ലഭ്യമാക്കാതിരുന്നത് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിൽ സ്പീക്കറിന്‍റെ ഇടപെടലിലൂടെ പ്രൊജക്റ്റ് ഡിപിആർ ലഭിച്ചിരുന്നു. എന്നാൽ പ്രസ്തുത ഡിപിആർ വിശദമായി പരിശോധിച്ചതിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട താഴെ കാണിച്ചിരിക്കുന്ന വിവരങ്ങൾ ഇല്ല എന്നു ചൂണ്ടിക്കാട്ടി എം.എൽ.എ 03/02/2022 ന് വീണ്ടും സ്പീക്കർക്കു കത്തു നല്കിയിരുന്നു.

1. പ്രൊജക്റ്റിൽ 115 കി.മീ ദൂരം വരെയുള്ള ട്രാക്കിന്‍റെ വിവരങ്ങൾ മാത്രമാണുള്ളത് 115. കി.മീ മുതൽ 530 കി.മീ വരെയുള്ള ഡ്രോയിംഗ് ഉൾപ്പെടുത്തിയിട്ടില്ല.

2. പല പ്രധാനപ്പെട്ട സ്റ്റേഷനുകളേ സംബന്ധച്ച് പൂർണ്ണമായ ഡാറ്റാ ഡിപിആറിൽ ഇല്ല.

3. ഏറ്റവും പ്രധാനമായ പദ്ധതിയുടെ ടെക്നോ-എക്കണോമിക്ക് ഫീസിബിലിറ്റിയോ സംബന്ധിച്ച് വ്യക്തമായ രേഖകൾ ഉൾപ്പെടുത്തിയതായി കാണുന്നില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിൽ 115 മുതൽ 530 കി.മീറ്റർ വരെയുള്ള ദൂരത്തിന്‍റെ ഡ്രോയിങ്ങ്, പലസ്റ്റേഷനുകളെ സംബന്ധിച്ച് പൂർണ്ണമായ ഡാറ്റ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിയുടെടെക്നോ-എക്കണോമിക്ക് ഫീസിബിലിറ്റി സംബന്ധിച്ചു വ്യക്തമായ രേഖകൾ ഉൾപ്പെടുത്തിയിട്ടില്ല. ആകയാൽ ഏറ്റവും പ്രധാനപ്പെട്ട രേഖയായ ടെക്നോ-എക്കണോമിക്ക് ഫീസിബിലിറ്റി സംബന്ധിച്ച വ്യക്തമായ രേഖകൾ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് വീണ്ടും കത്തു നല്‍കുമെന്ന് എംഎൽഎ പറഞ്ഞു.